ചിപ്പിക്കൂണ്‍, പാല്ക്കൂണ് കൃഷിയില്‍ സ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് അനേകര്‍ക്കു വഴികാട്ടിയായി മാറുകയാണ് ഇടുക്കി ജില്ലയില്‍ തൊടുപുഴ പുതുപ്പരിയാരം സ്വദേശിനി സരിത സോമന് കൃഷ്ണ തീര്‍ഥം.
എരമല്ലൂര്‍ സ്വദേശിനി ഷിജി വര്‍ഗീസുമായി പരിചയപ്പെട്ടതോടെയാണു സരിത കൂണ് കൃഷിയിലെത്തിയത്. 2017ല്‍ അവര്‍ നല്കിയ ബെഡില്‍ നിന്നാണു തുടക്കം.
ഇതിന്റെ വിളവെടുപ്പിനോടനുബന്ധിച്ചു പുതുപ്പരിയാരം മഷ്റൂം എന്ന പേരില്‍ സരിത ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതുകണ്ടു തൊടുപുഴയിലെ ബിസിനസുകാരനായ ഇഎപി അനുമോനാണ് ആദ്യം കൂണ് വാങ്ങാനെത്തിയത്. 200 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കി 70 രൂപ ക്രമത്തിലായിരുന്നു വില്പന. വ്യാപാരം പച്ചപടിച്ചതോടെ പുതുപ്പരിയാരത്തെ വീട് കൂണ്‍ശാലയാക്കി മാറ്റുകയായിരുന്നു.
പിന്നീട് 600 ചതുരശ്ര അടി വലുപ്പമുള്ള ഹൈടെക് ഫാം തന്നെ ആരംഭിച്ചു. സംരംഭം കൂടുതല്‍ വിപുലമക്കുന്നതിന്റെ ഭാഗമായി തൊടുപുഴ യ്ക്ക് സമീപം ഇറക്കുംപുഴയില്‍ 300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മറ്റൊരു ഫാം കൂടി സരിത സ്ഥാപിച്ചു.
ഇതിനിടെയായിരുന്നു മഹാപ്രള യവും വെള്ളപ്പൊക്കവും. കൃഷി ഏതാണ്ടു പൂര്‍ണമായും നശിച്ചു. സാമ്പത്തിക പരാധീന തയില്‍ നട്ടം തിരിഞ്ഞപ്പോള്‍ കുടുംബശ്രീ സിഡി എസില്‍ നിന്ന് സിഎഫ് ലോണ്‍ എടുത്ത് കൃഷി പുനരാരംഭിച്ചെങ്കിലും പിന്നാലെ എത്തിയ കോവിഡ് മഹാ മാരി പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തി. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടതോടെ വില്പന തീര്‍ത്തും ഇല്ലാതായി.
ഉര്‍വശീ ശാപം ഉപകാരമായി എന്നു പറയുന്നതുപോലെ പ്രശ്ന പരിഹാര ത്തിനായി ഡ്രയര്‍ വാങ്ങാന്‍ തീരുമാനി ച്ചത് അപ്പോഴാണ്. ഇതേത്തുടര്‍ന്ന് മഷ്റൂം പൗഡര്‍, മഷ്റൂം സൂപ്പ്, മഷ്റൂം അച്ചാര്‍, കൂണ് തോരന്‍, അവിയല്‍, ബിരിയാണി എന്നിങ്ങനെ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്കു സരിത തിരിഞ്ഞു.
ഒപ്പം മഷ്റൂം കട്ലറ്റ്, മഷ്റൂം വൈന്‍, മഷ്റൂം സോപ്പ്, ബജി, ചൈനീസ് വിഭവങ്ങള്‍ തുടങ്ങിയവയെല്ലാം നിര്‍മിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലുമാണ് ഈ വീട്ടമ്മ.
കൃഷി രീതി
പാല്ക്കൂണ് കൃഷിക്ക് ബെഡ് സ്ഥാപിച്ചാല്‍ 30-35 ദിവസത്തിനിടിയിലും ചിപ്പിക്കൂണ്‍ കച്ചിയിലാണെങ്കില് 20-22 ദിവസ ത്തിനിടയിലും അറക്കപ്പൊടിയില്ലെങ്കില് 25-28 ദിവസത്തി നിടയിലും വിളവെടുക്കാം. കൂണ് കൃഷിക്കായി ആദ്യം ഉറിയുണ്ടാക്കും. അത് പോളിത്തീന്‍ കവറിലാക്കി കച്ചിയില്‍ വിത്തിടും. ഫ്ളോറിഡ, എച്ച്യു ഇനം വിത്തുകളാണ് കൃഷി ചെയ്യുന്നത്.
ഉറി ഷെഡില്‍ തൂക്കിയിടുകയാണ് ചെയ്യുന്നത്. മണ്ണിര, പ്രാണികള്‍ എന്നിവയുടെ ശല്യം ഒഴിവാക്കാന്‍ ഷെഡ് അടച്ചിടും. ഇരുട്ടു മുറിയിലാണ് പരാഗണം നടക്കുന്നത്. ഇതു പൂര്‍ത്തിയായാല്‍ കേസിംഗ് നടത്തി മൂന്നു ദിവസത്തേക്ക് സ്പ്രേ ചെയ്ത് നനയ്ക്കുന്നതോടെ കൂണിനു മുള പൊട്ടും. ഹെല്‍ത്ത് കാര്‍ഡ്, ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സ്, പഞ്ചായത്ത് ലൈസന്‍സ്, മാര്‍ക്കറ്റിംഗ് ലൈസന്‍സ് എന്നിവയെല്ലാം ഫാം നടത്താന്‍ ആവശ്യമാണ്.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും പ്രമേഹം, കാന്‍സര്‍, കൊളസ്ട്രോള്‍ സാധ്യത കുറയ്ക്കുന്നതിനും ഹൃദയാ രോഗ്യത്തിനും ദഹന വ്യവസ്ഥയുടെയും കരളിന്റെയും പ്രവര്‍ത്തനത്തിനുമെല്ലാം കൂണ് സഹായകമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
250-300 രൂപ നിരക്കിലാണു കൂണ് ബെഡുകള്‍ ഇവര്‍ നിര്‍മിച്ചു നല് കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. ശ്രീകൃഷ്ണ മഷ്റൂം എന്ന പേരിലാണ് കൂണ് വില്പന നടത്തിവരുന്നത്. മകന് ശ്രീകൃഷ്ണ കെ. ബാബു അരിക്കുഴ ജിഎച്ച്എസില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കൂണ് കൃഷിയില്‍ പാലാ, പുനലൂര്‍, കലയന്താനി, പൂമാല, പന്നിമറ്റം, അരിക്കുഴ, മണക്കാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സരിത സോമന് പരിശീലന ക്ലാസുകള്‍ നടത്തിയിട്ടുണ്ട്. ഇതോടൊപ്പം കൂണ് കൃഷിയുടെ ഡെമോണ്‍ സ്ട്രേഷനും നല്‍കും.
ബിഎ സോഷ്യോളജിയും കംപ്യൂട്ടര്‍ ഡിപ്ലോമയും സ്വന്തമായുള്ള സരിത, നേരത്തെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതോടൊപ്പം എല്‍കെജി മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ട്യൂഷന് സെന്ററും നടത്തിയിരുന്നു. ഫോണ്‍:9544956924
ചിത്രങ്ങള്‍: അഖില്‍ പുരുഷോത്തമന്.
ജോയി കിഴക്കേല്‍