മാഹി: പള്ളൂരിൽ 45 കാരിയെ വിവസ്ത്രയാക്കി ഫോട്ടോയെടുക്കുകയും മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.
പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപം പവിത്രത്തിൽ ലിജി എന്ന് വിളിക്കുന്ന സി.എച്ച്. ലിജിൻ (37), അമ്മ എം. രേവതി (57), ലിജിനിന്റെ സുഹൃത്ത് പാറാൽ പൊതുവാച്ചേരി സ്കൂളിന് സമീപത്തെ കെ.എം.നിമിഷ (28) എന്നിവരെയാണ് പള്ളൂർ എസ്ഐ ഇ.കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21ന് ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളൂരിൽ ഫാൻസി ഷോപ്പ് നടത്തുന്ന ലിജിനിന്റെ വീട്ടിലെത്തിയ പരാതിക്കാരിയെ മൂവരും ചേർന്ന് ബലമായി വിവസ്ത്രയാക്കുകയും ഫോട്ടോയും വീഡിയോയുമെടുത്ത് മർദിച്ചശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി. മാഹി കോടതി മൂന്നുപേരെയും റിമാൻഡ് ചെയ്തു.
മാഹിയിൽ സത്രീകളുടെ ജയിൽ ഇല്ലാത്തതിനാൽ രേവതി, നിമിഷ എന്നിവരെ കണ്ണൂർ സബ് ജയിലിലേക്കയച്ചു.
ലിജിനിനെ മാഹി സബ് ജയിലിൽ റിമാൻഡ് ചെയ്തു. പുതുച്ചേരി എസ്എസ്പി ദീപികയുടെ നിർദേശപ്രകാരം മാഹി എസ്പി രാജശങ്കർ വെള്ളാട്ട്, മാഹി സർക്കിൾ ഇൻസ്പക്ടർ എ.ശേഖർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചത്.