പത്തനംതിട്ട: മൈസൂരുവിലേക്കുള്ള അന്തര്‍സംസ്ഥാന ബസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ കെഎസ്ആര്‍ടിസി ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്ത യാത്രക്കാരിക്ക് 69,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് വിധിച്ചു.
ചൂരക്കോട് എന്‍എസ്എസ്എച്ച്എസ്എസിലെ അധ്യാപിക ഏറത്ത് സ്വദേശി പി. പ്രിയ നല്കിയ ഹര്‍ജിയിലാണ് വിധി. പിഎച്ച്ഡി ഗവേഷണ വിദ്യാര്‍ഥിനി കൂടിയായ പ്രിയ തന്റെ ഗൈഡുമായുള്ള കൂടിക്കാഴ്ചയ്ക്കായി 2018 ഓഗസ്റ്റ് രണ്ടിന് കൊട്ടാരക്കരയില്‍ നിന്നു 8.30നു പുറപ്പെടുന്ന മൈസൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി എസി ബസിന് 1003 രൂപ നല്കി മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
വൈകുന്നേരം 5.30ന് അന്വേഷിച്ചപ്പോഴും ബസ് മുടക്കമില്ലാതെ അയയ്ക്കുമെന്ന് അറിയിച്ചിരുന്നു. രാത്രി 8.30ന് തിരുവനന്തപുരത്ത് അന്വേഷിച്ചപ്പോഴാണ് ബസ് റദ്ദാക്കിയ വിവരം അറിയുന്നത്.
പിന്നീട് രാത്രി 11.45ന് കായംകുളത്തു നിന്നു മൈസൂരുവിലേക്കുള്ള ബസില്‍ പോകുന്നതിനായി ടാക്സിയില്‍ പുറപ്പെടുകയും 903 രൂപയുടെ ടിക്കറ്റ് വീണ്ടുമെടുത്ത് യാത്ര ചെയ്യുകയുമായിരുന്നു.
ബസ് വൈകിയതു കാരണം കൃത്യസമയത്തു മൈസൂരുവിലെത്താനായില്ല. ഗൈഡുമായി അന്നേദിവസം കൂടിക്കാഴ്ച നടക്കാതെ വന്നതോടെ രണ്ടുദിവസം മൈസൂരുവില്‍ തങ്ങേണ്ടിയും വന്നു.
ബസ് റദ്ദാക്കിയിട്ടും ടിക്കറ്റ് ചാര്‍ജ് തിരികെ തരാന്‍ കെഎസ്ആര്‍ടിസി തയാറായില്ല. മാനസികവും ശാരീരികവുമായി ഉണ്ടായ ബുദ്ധിമുട്ടും കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
കെഎസ്ആര്‍ടിസിയുടെ ഭാഗത്തെ ഗുരുതരവീഴ്ച കണ്ടെത്തിയ കമ്മീഷന് 69,000 രൂപ നഷ്ടപരിഹാരമായി നല്കാന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറോടു നിര്‍ദേശിച്ചു.
കമ്മീഷന് പ്രസിഡന്റ് ബേബിച്ചന് വെച്ചൂച്ചിറ, അംഗങ്ങളായ എന്‍. ഷാജിതാബീവി, നിഷാദ് തങ്കപ്പന് എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.