മനില: വാക്കുകൾകൊണ്ടോ പ്രവർത്തികൾകൊണ്ടോ ആംഗ്യങ്ങൾകൊണ്ടോ എന്തുകൊണ്ടായാലും നമ്മളെ ഒരാൾ ശല്യപ്പെടുത്തുന്നത് ആർക്കും ഇഷ്ടമുള്ള കാര്യമല്ല.
യാത്രയ്ക്കിടയിലും പൊതുസ്ഥലത്തും ജോലിസ്ഥലത്തുമെല്ലാം ഇത്തരം ശല്യപ്പെടുത്തലുകൾ ധാരാളം ഉണ്ടാകാറുണ്ടെങ്കിലും പലരും അറിഞ്ഞില്ലെന്നും കണ്ടില്ലെന്നും നടിക്കുകയാണ് ചെയ്യുക.
ശല്യപ്പെടുത്തിയെന്നു പറഞ്ഞു പോലീസിൽ പരാതിപ്പെട്ടാൽ പെറ്റിക്കേസിനുപോലും വകുപ്പില്ലെന്നു പറഞ്ഞു തള്ളുകയുംചെയ്യും.
എന്നാൽ ഫിലിപ്പൈൻസിൽ അങ്ങനെയല്ല. മറ്റൊരാൾക്ക് ഇഷ്ടമില്ലാത്ത രീതിയിൽ അല്ലെങ്കിൽ അയാളെ ശല്യംചെയ്യുന്ന രീതിയിൽ ഒരാൾ പ്രവർത്തിക്കുകയാണെങ്കിൽ അയാൾക്കെതിരേ കേസ് കൊടുക്കാം.
കുറ്റം തെളിഞ്ഞാൽ പ്രതിക്കു 30 ദിവസം വരെ തടവു ശിക്ഷ ലഭിക്കും. പുറമെ പിഴയും. ഫിലിപ്പീൻസില്‍ 1930 ല്‍ പുതുക്കിയ ശിക്ഷാനിയമത്തിലാണ് ശല്യം ചെയ്യല്‍ ഒരു കുറ്റകൃത്യമായി ഉൾപ്പെടുത്തിയത്.
2020 ൽ ഈ ശിക്ഷാനിയമത്തിൽ ഒരു ഭേദഗതി വരുത്തി. അതുപ്രകാരം അന്യായമായി ഒരു വ്യക്തിക്ക് അസ്വസ്ഥത ഉളവാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഈ നിയമത്തിന്റെ കീഴിൽ കൊണ്ടുവന്നു.
കൂടാതെ വർഷങ്ങളായി പിഴയായി ഈടാക്കിയിരുന്ന 200 പെസോ 5,000 പെസോയായി (7,500 രൂപ) ഉയർത്തി. അറിഞ്ഞോ അറിയാതെയോ ഈ നിയമം മൂലം പ്രശ്നത്തിലാക്കപ്പെടുന്നവരിൽ കൂടുതലാളുകളും വിനോദസഞ്ചാരികൾ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.