കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥയിൽനിന്ന് വിട്ടുനിന്ന കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജൻ വിവാദ ഇടനിലക്കാരൻ നന്ദകുമാറിന്റെ കൊച്ചിയിലുള്ള വീട്ടിലെത്തി.
നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായാണ് അദേഹം എത്തിയത്. കൊച്ചിയിൽ ആദരിക്കൽ ചടങ്ങിൽ ജയരാജൻ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിനൊപ്പമായിരുന്നു ഇ.പി. ജയരാജൻ ചടങ്ങിൽ പങ്കെടുത്തത്.
സിപിഎം ജനകീയ പ്രതിരോധ ജാഥയുടെ തലേദിവസമാണ് നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ജയരാജൻ അതിഥിയായി എത്തിയത്.
വെണ്ണല തയ്ക്കാട്ടുശേരി ക്ഷേത്രത്തിലെ പരിപാടികളോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. പിറന്നാളിന് എത്താൻ കഴിഞ്ഞില്ലെന്നു ജയരാജൻ പറയുന്നതും വീഡിയോയിലുണ്ട്.
സിപിഎം പ്രതിരോധ ജാഥയിൽ ഇ.പി ജയരാജൻ പങ്കെടുക്കാത്തത് ഏറെ വിവാദമായിരുന്നു. എന്നാൽ ജനകീയ പ്രതിരോധന ജാഥയുടെ തലേദിസവം ഇ.പി ജയരാജൻ കൊച്ചിയിൽ എത്തിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നത്.
ജാഥയിൽ പങ്കെടുക്കാത്തത് ആരോഗ്യപരമായ കാരണങ്ങളാണെന്നാണ് കഴിഞ്ഞദിവസം ജാഥാക്യാപ്റ്റൻ കൂടിയായ എം.വി ഗോവിന്ദൻ പറഞ്ഞത്.
എന്നാൽ ആരോഗ്യകാരണങ്ങൾ മൂലമല്ല ജാഥയിൽ പങ്കെടുക്കാതിരുന്നതെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.അതേസമയം, സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്റെ വിശദീകരണം.
എൽഡിഎഫ് കണ്‍വീനർ ജാഥയിൽ ഏത് സമയത്തും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ജനകീയ പ്രതിരോധ ജാഥ കണ്ണൂർ , കാസർഗോഡ് ജില്ലകളിലായി 10 ലേറെ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ടിട്ടും ഇ പി ജയരാജന്റെ അസാന്നിധ്യം അണികൾക്കിടയിൽ മുറുമുറുപ്പിന് ഇടയാക്കിയിരുന്നു.
വീട് ഇരിക്കുന്ന സ്ഥലത്തും നിയമസഭയെ പ്രതിനിധീകരിച്ച മട്ടന്നൂരിലും ജാഥ സ്വീകരണത്തിൽ മുന്നണി കണ്‍വീനർ എത്താതിരുന്നതോടെ ഇത് അണികൾക്കിടയിൽ ചർച്ചയായി.
തന്നെ തഴഞ്ഞ് പാർട്ടിയിൽ ജൂനിയറായ എം. വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി ആക്കിയ സമയത്ത് പാർട്ടി യോഗങ്ങളിൽ ഇ പി പങ്കെടുത്തിരുന്നില്ല.
വിവാദങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയ ആളാണ് നന്ദകുമാർ. ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട ഇഎംസിസി കന്പനിയുടെ പ്രസിഡന്റ് ഷിജു എം. വർഗീസിന്റെ കാറിനു പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ ഇയാളെ നേരത്തേ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കേസിൽ നടി പ്രിയങ്കയെയും അന്ന് ചോദ്യം ചെയ്തിരുന്നു.