കൊച്ചി: കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഇന്ന് കോടതിയിൽ ഹാജരാക്കുന്ന എം. ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേഡ്.
ഇന്ന് വൈകുന്നേരം നാലോടെ ശിവശങ്കറിനെ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. ഇനിയും വിശദമായി ചോദ്യം ചെയ്യാനുള്ളതിനാൽ ഇദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ഇഡിയുടെ നീക്കം. കഴിഞ്ഞ 14 നായിരുന്നു ശിവശങ്കറിനെ ഇഡി അറസ്റ്റു ചെയ്തത്.
സി.എം. രവീന്ദ്രനെ 27 ന് ചോദ്യം ചെയ്യും
അതേസമയം, 27ന് കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇഡി നോട്ടീസ് നൽകി.
കേസിൽ അറസ്റ്റിലായ എം. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ നടന്ന വാട്ട്സ്ആപ്പ് ചാറ്റിൽ രവീന്ദ്രന്റെ പേര് പരാമർശിച്ചിരുന്നു.
ഇതേക്കുറിച്ച് ഇഡിയുടെ കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് രവീന്ദ്രനെ ഇഡി നോട്ടീസ് നൽകി വിളിപ്പിക്കാനൊരുങ്ങുന്നത്.
നേരത്തെ സ്വപ്ന സുരേഷും രവീന്ദ്രനെതിരേ മൊഴി നൽകിയിട്ടുണ്ട്. മുന്പും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു.
രവീന്ദ്രൻ നടത്തിയ വിദേശയാത്രകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നായിരുന്നു ഇഡി ആവശ്യപ്പെട്ടിരുന്നത്. ഊരാളുങ്കൽ സൊസൈറ്റിയുമായി നടത്തിയ കരാർ ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിരുന്നു.
ചോദ്യം ചെയ്യലിനോട് ആദ്യം നിസഹകരിച്ച രവീന്ദ്രൻ നാലാം തവണ നൽകിയ നോട്ടീസിലാണ് ഇഡിക്ക് മുന്നിൽ ഹാജരാജയത്.
ചോദ്യം ചെയ്യൽ നോട്ടീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രവീന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ഇത്.