ഓണം- ബക്രീദ് ഉത്സവകാലത്ത് പ്രവാസികളെ പിഴിയാന്‍ വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള. ഗള്‍ഫ് റൂട്ടിലെ നിരക്കുകള്‍ പതിനഞ്ച് ഇരട്ടിയോളമാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. സ്വകാര്യ കമ്പനികളുടെ കൊള്ളയ്ക്കൊപ്പം എയര്‍ ഇന്ത്യയും ചേര്‍ന്നതോടെ നാട്ടിലേക്ക് വിമാനം കയറാന്‍ കാത്തിരുന്ന പ്രവാസികളില്‍ പലരും തീരുമാനം ഉപേക്ഷിച്ചിട്ടുണ്ട്. നടപടിയെടുക്കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാകട്ടെ കണ്ണും പൂട്ടിയിരിക്കുന്നു.
എട്ടു മുതലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പത്തു ദിവസത്തോളം നീളുന്ന അവധി ആരംഭിക്കുന്നത്. ബലിപെരുന്നാളും ഓണവും ആഘോഷിക്കാന്‍ കുടുംബ സമേതം നാട്ടില്‍ വന്ന് പോവുന്നവര്‍ ഏറെയായതിനാല്‍ ഈ സമയത്ത് തിരക്കും കൂടുതലാണ്. അയ്യായിരം രൂപ മുതല്‍ ഏഴായിരം വരെ ഈടാക്കിയിരുന്ന ദുബായ്- കോഴിക്കോട് നിരക്ക് ഒമ്പതാം തിയതി 33000-35000 രൂപയാണ്. കൊച്ചിയിലിറങ്ങിയാല്‍ 2000 രൂപ കുറയും. ദോഹയില്‍ നിന്ന് കേരളത്തിലേക്ക് 28000-30000 രൂപയാണ് ചാര്‍ജ്. എന്നാല്‍, ഇന്ത്യയിലെ വേറെ ഏതു വിമാനത്താവളത്തില്‍ ഇറങ്ങിയാലും ഇതിന്റെ പകുതി പൈസ കൊടുത്താല്‍ മതി. കള്ളക്കളി ഇതില്‍നിന്നു വ്യക്തം. 7000-8000 രൂപ നിരക്കുള്ള കോഴിക്കോട്-ഒമാന്‍ ചാര്‍ജ് 17ാം തിയതി 71,000 മുതല്‍ 80,000 രൂപ വരെയാണ്. അതേ ദിവസം കോഴിക്കോട്-ജിദ്ദ 60,000 രൂപക്ക് മുകളിലാണ് നിരക്ക്. ദുബൈയിലേക്ക് 30,000-35,000 രൂപയും വേണം. പിറ്റേന്ന് കോഴിക്കോട്ജിദ്ദ 40,000-45,000 രൂപയാണ് നിരക്ക്.
യാത്രക്കാര്‍ക്ക് പുത്തന്‍ യാത്രാനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച എയര്‍ഇന്ത്യ എക്സ്പ്രസും സ്വകാര്യ കമ്പനികള്‍ക്കൊപ്പം കൂടിയതാണ് പ്രവാസികള്‍ക്ക് ഇരട്ടി തിരിച്ചടിയായത്. ഈ വര്‍ഷം റിക്കാര്‍ഡ് ലാഭമുണ്ടാക്കിയിട്ടുപോലും ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ കമ്പനി ശ്രമിക്കുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. അവധിക്ക് നാട്ടില്‍ വരാന്‍ പദ്ധതിയിട്ടിരുന്ന പലരും ഇപ്പോള്‍ ഗള്‍ഫില്‍ തന്നെ കഴിഞ്ഞുകൂടാനാണ് പദ്ധതിയിടുന്നത്.