കറുകച്ചാല്‍: ഇത്രയും നാള് തെരുവുനായ കടിച്ചു, ഓടിച്ചു, മാന്തി, കുരച്ചു എന്നിങ്ങനെയൊക്കെയായിരുന്നു നാട്ടുകാരുടെ പരാതിയെങ്കില്‍ ഇപ്പോഴിതാ മോഷണക്കഥയും! ഏതോ തിരുട്ടുഗ്രാമക്കാരന് തെരുവുനായ കറുകച്ചാലിലെ ഒരു വീട്ടുടമയുടെ ഒന്നരലക്ഷത്തോളം രൂപയാണ് അടിച്ചുമാറ്റിയത്. സംഭവം ഇങ്ങനെ:
കറുകച്ചാല്‍ ശാന്തിപുരം സ്വദേശി ശിവന് എന്നയാളുടെ 1,39,000 രൂപയുമായാണ് തെരുവുനായ മുങ്ങിയത്. ശാന്തിപുരം കണ്ണംകുളത്തിനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പണിയുടെ തിരക്കിലായിരുന്നു വീട്ടുടമയും പണിക്കാരും. ഇതിനിടെ, നിര്‍മാണസ്ഥലത്തേക്ക് ആലുവയില്‍നിന്നു ടൈല്‍സുമായി വരുന്ന വാഹനത്തില്‍ കൊടുത്തുവിടാനുള്ള 1,39,000 രൂപയും ഉടമ കൊണ്ടുവന്നിരുന്നു. അത്യാവശ്യ ചില കാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ ഈ പണമടങ്ങിയ പൊതി അദ്ദേഹം തൊട്ടുചേര്‍ന്ന മതിലിനു മുകളിലേക്കു വച്ചു.
എല്ലാവരുടെയും ശ്രദ്ധ മാറിയ ഏതാനും നിമിഷങ്ങള്‍ മതിയായിരുന്നു, എവിടെനിന്നോ പാഞ്ഞെത്തിയ തെരുവനായ പൊതിയും കടിച്ചെടുത്തു സ്ഥലംവിട്ടു. നായ വന്നതും പണം പോയതുമൊന്നും ആദ്യമാരുമറിഞ്ഞില്ല. ടൈല്‍സിന്റെ പണം കൊടുക്കാന്‍ നോക്കിയപ്പോഴാണു പൊതി കാണാതായ വിവരം അറിയുന്നത്. ആരോ മോഷ്ടിച്ചുകൊണ്ടുപോയെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് അന്വേഷണമായി. അപ്പോഴാണ് ഒരു തെരുവുനായ കടലാസുപൊതി കടിച്ചുപിടിച്ചു റോഡിലൂടെ ഓടുന്നതു കണ്ടതായി അയല്‍വാസി അറിയിച്ചത്. ഇതോടെ നായയെ കണ്ടെത്താനുള്ള പരക്കംപാച്ചിലായി. നായകള്‍ തമ്പടിക്കുന്ന ചില സ്ഥലങ്ങളിലേക്കു തെരച്ചില്‍ നീണ്ടു. അങ്ങനെ അന്വേഷണം സമീപത്തെ പള്ളി സെമിത്തേരിയിലേക്കു നീണ്ടു. അവിടെ നായയെ കണ്ടില്ലെങ്കിലും നോട്ടുകള്‍ ചിതറിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി.
ലോട്ടറി അടിച്ച ആശ്വാസത്തോടെ ഉടമയും സഹായികളും നോട്ടുകള്‍ പെറുക്കി എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങി. ഒന്നും നഷ്ടപ്പെട്ടില്ല, ഇതോടെ വീട്ടുടമയ്ക്ക് ആശ്വാസമായി. ഭാഗ്യത്തിനാണു പണം തിരികെ ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.തെരുവുനായകള്‍ മോഷണംകൂടി തുടങ്ങിയാല്‍ മോഷണത്തിനു കേസെടുക്കാന്‍ വകുപ്പുണ്ടാകുമോയെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ നാട്ടുകാര്‍. നായയെ മോഷ്ടാവെന്നു വിളിക്കുന്നതു കുറ്റകരമാണോയെന്നതാണ് മറ്റു ചിലരുടെ ചോദ്യം!