കൊച്ചി: തുടർച്ചയായി വിവാദങ്ങളിലേക്കു വലിച്ചിഴക്കപ്പെടുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനു മാധ്യമങ്ങളിൽ പ്രതിരോധമൊരുക്കുന്നതിൽ പാർട്ടി പിന്നോട്ട്.
പാർട്ടി ജാഥയിൽനിന്നു വിട്ടു നിൽക്കുന്നതും വിവാദ ഇടനിലക്കാരന് നന്ദകുമാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതും ഇ.പിക്കെതിരേയുള്ള ആയുധമായി പ്രയോഗിക്കാനും പാർട്ടിക്കുള്ളിൽ നീക്കമുണ്ട്.
തനിക്കെതിരേ ചില രാഷ്ട്രീയകക്ഷികൾ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ഇ.പി. ജയരാജൻതന്നെ തുറന്നടിച്ചത് അദ്ദേഹത്തിനെതിരേയുള്ള നീക്കങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നന്ദകുമാര്‍ ഭാരവാഹിയായ എറണാകുളം വെണ്ണല തൈക്കാട്ടുശേരി ക്ഷേത്രത്തിലെ ചടങ്ങില്‍ ഇ.പി. ജയരാജന് പങ്കെടുത്തത്.
നന്ദകുമാറിന്റെ വീട്ടിൽ ജയരാജൻ എത്തി എന്ന നിലയിലായിരുന്നു ആദ്യഘട്ടത്തിലെ പ്രചാരണം. ക്ഷേത്രത്തിലെ സ്വകാര്യ ചടങ്ങില്‍ ഇ.പി. ജയരാജന് പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നാലെ പുറത്തു വന്നതോടെ വിവാദം ചൂടുപിടിച്ചത്.
നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലാണ് ഇ.പി. എത്തിയത്. മുന്‍ കോണ്‍ഗ്രസ് നേതാവും ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രതിനിധിയുമായ കെ.വി. തോമസും ചടങ്ങില്‍ സംബന്ധിക്കുന്ന ചിത്രവും വീഡിയോയിലുണ്ട്.
അതേസമയം യാദൃശ്ചികമായാണ് ചടങ്ങിൽ പങ്കെടുത്തതെന്നു ജയരാജൻ വിശദീകരിച്ചു. സിപിഎമ്മിലേക്കു വന്ന മുൻ കോൺഗ്രസ് നേതാവ് എം.ബി. മുരളീധരൻ ക്ഷണിച്ചതുപ്രകാരമാണ് ക്ഷേത്രത്തിലേക്കു പോയത്.
അവിടെവച്ച് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടത് പ്രകാരം ഒരു അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. എന്നാല്‍ അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നു. ജയരാജന് വിശദീകരിച്ചു.
അടുത്തിടെ ഉയർന്ന റിസോർട്ട് വിവാദത്തിലും എതിരാളികൾ ഇ.പിയെ ലക്ഷ്യമിട്ട് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പാർട്ടിയിൽ ഇ.പിയെ തുടർച്ചയായി അവഗണിക്കുകയാണെന്ന ആരോപണം നിലനിൽക്കെയാണ് വിവാദങ്ങളും അദ്ദേഹത്തെ തുടർച്ചയായി പിന്തുടരുന്നത്.
പഴയതുപോലെ ഇപിയെ സംരക്ഷിക്കാൻ പാർട്ടി നേതൃത്വം ആവേശം കാണിക്കാത്തതും സിപിഎമ്മിൽ സജീവചർച്ചയാണ്.