മുംബൈ: വിവാഹ വാർഷികം മറന്നുപോയതിന്റെ പേരിൽ ഭാര്യയും ഭാര്യാവീട്ടുകാരും ചേർന്നു യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.
32 വയസുള്ള വിശാൽ നാംഗ്രേ എന്ന യുവാവിനാണ് മർദനമേറ്റത്. കൊറിയർ കമ്പനിയിലെ ഡ്രൈവറായി ജോലി നോക്കുകയാണ് ഇയാൾ.
ഭാര്യ കൽപന ഫുഡ് ഔട്ട്ലെറ്റ് ജോലിക്കാരിയാണ്. ഗോവണ്ടിയിലെ ബൈഗൻവാഡിയിലാണ് ഇരുവരുടെയും താമസം.
ഫെബ്രുവരി 18 നായിരുന്നു പ്രസ്തുത ദമ്പതികളുടെ വിവാഹവാർഷികം. എന്നാൽ, അക്കാര്യം മറന്ന ഭർത്താവ് ഭാര്യക്ക് വിവാഹവാർഷിക ആശംസയർപ്പിച്ചില്ല.
ജോലിക്ക് പോയി വീട്ടിലെത്തിയ ഭാര്യ ഈ ദേഷ്യത്തിൽ തന്റെ സഹോദരനോടും മാതാപിതാക്കളോടും ഭർത്താവിന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.
ഭർത്താവിനോട് അയാളുടെ കൂടെ ജീവിക്കാൻ തനിക്കിനി താല്പര്യമില്ലെന്നും പറഞ്ഞു. യുവതി വിളിച്ച് പറഞ്ഞ ഉടൻതന്നെ സഹോദരനും മാതാപിതാക്കളും എത്തി.
വാക്കുതർക്കത്തിനിടെ ഭാര്യയും സഹോദരനും മാതാപിതാക്കളും ചേർന്നു യുവാവിനെയും യുവാവിന്റെ അമ്മയെയും മർദിച്ചു.
ഇരുവരെയും ആശുപത്രിയിൽ പ്രവേശിച്ചു. മുറ്റത്ത് നിർത്തിയിട്ടിരുന്ന യുവാവിന്റെ വാഹനവും വീടിന്റെ ജനാലയും ഭാര്യാ വീട്ടുകാർ നശിപ്പിച്ചു.
യുവാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. 2018 ലാണ് ഇരുവരും വിവാഹിതരായത്.