തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേര്‍ന്നു തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയതായി പരാതി.
തമിഴ്നാട് തക്കല സ്വദേശിയായ മുഹൈദിന്‍ അബ്ദുള്‍ ഖാദറാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഇയാളെ ചിറയന്‍കീഴിലെ റിസോര്‍ട്ടില്‍ കെട്ടിയിട്ടശേഷം പണവും സ്വര്‍ണവും കവര്‍ന്നതായാണ് യുവാവിന്റെ പരാതി.
കേസില്‍ ഒന്നാംപ്രതിയായ കാമുകി ഇന്ഷ ഉള്‍പ്പെടെ ആറുപേരെ ശംഖുമുഖം പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 22-നാണ് കേസിനാസ്പദമായ സംഭവം.
അബ്ദുള്‍ ഖാദര്‍ തിരുവനനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സംഘം തട്ടിക്കൊണ്ടുപോയത്.
അബ്ദുള്‍ ഖാദറും ഇന്‍ഷയും ഗള്‍ഫില്‍ ഒന്നിച്ചായിരുന്നു താമസം. ബന്ധത്തില്‍ നിന്ന് യുവാവ് പിന്മാറിയതാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
ബന്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരമായി ഒരുകോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് പണം നല്കാന് വിസമ്മതിച്ചതോടെ യുവതിയും സഹോദരനും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിടുകയായിരുന്നു.
വിമാനത്താവളത്തില്‍നിന്ന് നേരെ ചിറയന്‍കീഴിലെ റിസോട്ടിലെത്തിച്ച യുവാവിനെ രണ്ടുദിവസത്തോളം മുറിയില്‍ പൂട്ടിയിട്ടു.
ഇതിനിടെ 15.70 ലക്ഷം രൂപയും കൈവശമുണ്ടായിരുന്ന സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണും സംഘം കവര്‍ന്നു.
മുദ്രപത്രങ്ങളിലും ഒപ്പിട്ടുവാങ്ങി. ഇതിനുശേഷം വിമാനത്താവളത്തിന് മുന്നില്‍ ഉപേക്ഷിച്ചു.
ഇതിനുപിന്നാലെയാണ് യുവാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. സംഘം മര്‍ദിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നുണ്ട്.
കേസില്‍ അറസ്റ്റിലായ യുവതി തിരുവനന്തപുരം വനിതാ പോലീസ് സ്റ്റേഷനിലാണുള്ളത്. മറ്റുപ്രതികള്‍ ശംഖുമുഖം സ്റ്റേഷനിലും.