വിഴിഞ്ഞം:. യുവതിയെ മരിച്ച നിലയിൽകണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നു. ഒളിവിൽ പോയ ഭർത്താവ് ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ എത്തി.
വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദിൽഷൻ ഹൗസിൽ പ്രിൻസി(32) യെയാണ് വീടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ ഭർത്താവ് അന്തോണിദാസ് (രതീഷ്,36) ഇന്ന് രാവിലെ ഒൻപത് മണിയോടെ വിഴിഞ്ഞം സ്റ്റേഷനിൽ ഒരു വക്കീലിനൊപ്പം ഹാജരാവുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവംരാത്രി വൈകിയാണ് പുറം ലോകമറിഞ്ഞത്. കാര്യമറിഞ്ഞ് അയൽവാസികൾ എത്തുമ്പോൾ പ്രിൻസിയുടെ മൃതദേഹം കണ്ടെത്തിയ കട്ടിലിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ ഒന്നര വയസുള്ള മകൾ ദിഹാന ഒന്നുമറിയാതെ ഉറങ്ങുന്ന നിലയിലായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു.
മൂത്ത സഹോദരിയുടെ വീട്ടിൽ ആയിരുന്ന പ്രിൻസിയും മക്കളായ ദിൽഷനും ദിഷാലും ദിഹാനയെയും ശനിയാഴ്ച രാത്രി അന്തോണിദാസ് ഇവിടെ എത്തി സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയശേഷം രാത്രി എട്ടോടെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം മക്കളെ പുറത്തേക്ക് കളിക്കാൻ വിട്ടു. ഒൻപതോടെ മക്കൾ തിരികെ വീട്ടിലെത്തിയപ്പോൾ അന്തോണിദാസ് മക്കളോട് അമ്മ ഉറങ്ങിക്കിടക്കുകയാണെന്ന് പറഞ്ഞശേഷം ധൃതിയിൽ പുറത്തേക്ക് പോകുകയായിരുന്നു.
വിയർത്തു നിൽക്കുന്നതെന്തെന്ന മക്കളുടെ ചോദ്യത്തിന് എക്സർസൈസ് ചെയ്യുകയായിരുന്നെന്ന മറുപടിയും നൽകി. കുട്ടികൾ വന്നു നോക്കുമ്പോൾ അമ്മ ശ്വാസമില്ലാതെയും നാവ് പുറത്തേക്ക് തള്ളി കണ്ണുകൾ ചുവന്ന അവസ്ഥയിലും കഴുത്തിൽ ഞെരിച്ചതിന്റെ പാടുകളും കണ്ടു.
ഇവർനിലവിളിച്ചതിനെ തുടർന്ന് ഓടിയെത്തിയ അയൽ വാസികൾ പ്രഥമ ശുശ്രൂക്ഷ നൽകിയ ശേഷം പ്രിൻസിയെ ഓട്ടോയിൽ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.
ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. കഴുത്തിലെ പാട് കണ്ട് ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് വിഴിഞ്ഞം പോലീസിനെ വിവരമറിയിച്ചു.
വിഴിഞ്ഞം എസ്. എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ച ശേഷം ഇന്നലെ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം അറിയാൻ കഴിയുവെന്നും വിഴിഞ്ഞം എസ്.എച്ച്.ഒ പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിരുന്നു. ഭർത്താവിനെ ചോദ്യം ചെയ്യുന്ന തോടെ കൂടുതൽ കാര്യങ്ങൾ വെളിവാകുമെന്ന് പോലീസ് പറയുന്നു.