കൊച്ചി: വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ച കേസിൽ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചത് ഫേസ്ബുക്കിലൂടെ.
കേസുമായി ബന്ധപ്പെട്ട് ആലുവയിൽ താമസിക്കുന്ന കണ്ണൂർ പോയനാട് സ്വദേശി കറുവാരത്ത് നഷീൽ (31) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്.
എറണാകുളം സ്വദേശിനിയായ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. രണ്ടു വർഷം മുന്പ് ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം എറണാകുളത്ത് വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പരാതിക്കാരിയുടെ കൈയിൽനിന്ന് രണ്ടുലക്ഷത്തോളം രൂപ പ്രതി തട്ടിയെടുക്കുകയുമായിരുന്നു.
പോലീസ് അന്വേഷിക്കുന്ന വിവരം മനസിലാക്കിയ പ്രതി ഫോണ് സ്വിച്ച് ഓഫാക്കി ഒളിവിൽ പോയി. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സി.ജയകുമാറിന്റെ നിർദേശപ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.വിജയശങ്കറിന്റെ നേതൃത്വത്തലുള്ള അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.