കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ ബസിൽ മാനഭംഗപ്പെടുത്തിയ സംഭവം കേരളത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു.
ഡൽഹി പീഡനത്തിന് സമാനമായി വാഹനത്തിൽ വച്ചുള്ള പീഡനം കേരളത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതി പിടിയിലായത്.
2021 ജൂലൈ നാലിനായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചേവായൂരിലെ വീട്ടിൽനിന്ന് രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മൂന്നുപേർ ചേർന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് പിടികൂടിയെങ്കിലും പ്രധാന പ്രതി ഇന്ത്യേഷ് കുമാർ ഒളിവിലായിരുന്നു ഇത്രയും നാൾ. ഇയാളെ പിടികൂടാത്തതിൽ പ്രതിഷേധവും ശക്തമായിരുന്നു.
ഒടുവിൽ മെഡിക്കൽ കോളജ് അസി. കമ്മീഷണർ കെ. സുദർശനും സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് സേലത്ത് വച്ചാണ് പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ് കുമാർ (38)നെ പിടികൂടിയത്.
കേസിലെ മറ്റ് പ്രതികളായ കുന്നമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38), പന്തീർപാടം മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ(32) എന്നിവരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കേസിനാസ്പദമായ സംഭവം ഇങ്ങനെ: ചേവായൂർ സ്വദേശിനിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതി രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങുകയായിരുന്നു.
രോഗം മൂർച്ഛിക്കുമ്പോൾ യുവതി ഇത്തരത്തിൽ വീട്ടിൽ നിന്നിറങ്ങിപ്പോകുന്നത് പതിവായിരുന്നു. മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്തുവച്ച് സ്കൂട്ടറിലെത്തിയ ഇന്ത്യേഷ് കുമാറും ഗോപീഷും ചേർന്ന് യുവതിയെ വണ്ടിയിൽ കയറ്റി കോട്ടാംപറമ്പിലുള്ള ബസ് ഷെഡിൽ എത്തിച്ചു.
ഇവിടെ നിർത്തിയിട്ട ബസിൽവച്ച് ഇരുവരും സുഹൃത്ത് മുഹമ്മദ് ഷമീറും ചേർന്ന് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
പീഡനശേഷം യുവതിയെ കൊണ്ടുപോയ സ്കൂട്ടറിൽ ഇന്ത്യേഷ് കടന്നുകളയുകയും ചെയ്തു. പിന്നീട് ഭക്ഷണം പാർസൽ വാങ്ങിക്കൊടുത്തശേഷം ഗോപീഷും ഷമീറും ചേർന്ന് ബൈക്കിൽ കയറ്റി യുവതിയെ കുന്നമംഗലം ഓട്ടോ സ്റ്റാൻഡിനടുത്ത് രാത്രി ഇറക്കിവിട്ടു.
വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്.
തുടർന്ന് ചേവായൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കോഴിക്കോട് നഗരത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമായിരുന്നു ഇത്.