സഹോദരങ്ങളുടെ ഭക്ഷണം അടിച്ചുമാറ്റി കഴിക്കുന്നതും വസ്ത്രങ്ങൾ മാറി ധരിക്കുന്നതുമെല്ലാം നമ്മുടെ നാട്ടിൽ സാധാരണമാണ്. എന്നാൽ അമേരിക്കയിലെ ഫ്ളോറിഡയിൽ അത് അങ്ങനെയല്ല. ചിലപ്പോൾ ജയിലിൽ കിടക്കേണ്ടിവരും!
ചേട്ടൻ കഴിക്കാൻവേണ്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കീ ലൈം പൈ എടുത്ത് അനിയൻ കഴിച്ചു. തുടർന്നുണ്ടായ വഴക്കിൽ 64കാരനായ ഡേവിഡ് ഷെർമാൻ പവൽസൺ അനിയന്റെ ദേഹത്തു രണ്ടു ഗ്ലാസ് വെള്ളമൊഴിച്ചു.
ഡേവിഡിന്റെ പെരുമാറ്റത്തിൽ ഭയം തോന്നിയ സഹോദരൻ ഉടൻ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
വലിയ കുറ്റകൃത്യമായാണ് കോടതി സംഭവത്തെ വിലയിരുത്തിയത്. വിചാരണയ്ക്കൊടുവിൽ ഡേവിഡിന് 30 വർഷം തടവുശിക്ഷ കോടതി വിധിച്ചു.
എന്നാൽ, ഡേവിഡ് പ്രായമുള്ള ആളായതുകൊണ്ട് മൂന്നുവർഷത്തെ ശിക്ഷ അനുഭവിച്ചാൽ മതി. ക്ഷുഭിതനായി തന്റെ ദേഹത്തു വെള്ളമൊഴിച്ച ഡേവിഡിന്റെ പെരുമാറ്റത്തിൽ താൻ ഭയന്നുവിറച്ചെന്നാണ് സഹോദരൻ മൊഴിനൽകിയത്.
ഡേവിഡ് തന്നെ കൊലപ്പെടുത്തുമോയെന്ന് ഭയന്നതായും സഹോദരൻ പറയുന്നു. അതേസമയം, ഭക്ഷണം ദിവസങ്ങളായി ഫ്രിഡ്ജിൽ ഇരിപ്പുണ്ടായിരുന്നെന്നും അതുകൊണ്ടാണ് താൻ കഴിച്ചതെന്നുമാണ് ഡേവിഡിന്റെ വിശദീകരണം.
സംഭവം ചെറിയ കുടുംബവഴക്കാണെങ്കിലും ഡേവിഡ് മൂന്നുവർഷം അഴിയെണ്ണേണ്ടിവരും. വയസുകാലം അങ്ങനെ ഡേവിഡിന് കഷ്ടകാലമായി!