മങ്കൊമ്പ്: കുട്ടനാട്ടിൽ വിതരണത്തിനെത്തിക്കുന്ന റേഷൻ സാധനങ്ങൾ ഗുണനിലവാരമില്ലാത്തതെന്ന് വ്യാപക പരാതി. അരിയടക്കമുള്ള ധാന്യങ്ങൾക്കു പുറമേ, പായ്ക്കറ്റിൽ ലഭിക്കുന്ന പൊടിയുത്പന്നങ്ങൾ വരെ ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ ഗുണനിലവാരമില്ലാത്തതെന്നാണ് ആക്ഷേപം. കാർഡുടമകൾ മാത്രമല്ല, റേഷൻ ചില്ലറ വ്യാപാരികൾ പോലും ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഗോതമ്പും ഗോതമ്പുത്പന്നമായ പായ്ക്കറ്റുകളിലെത്തുന്ന ആട്ടയിലുമാണ് ഏറ്റവുമധികം മാലിന്യങ്ങൾ കണ്ടെത്തുന്നത്. ആലപ്പുഴയിലുള്ള എഫ്സിഐ ഗോഡൗണിൽനിന്നു തകഴിയിലെ എൻഎഫ്എസ്എ ഗോഡൗണിൽ കഴിഞ്ഞ മാസം വിതരണത്തിനെത്തിച്ച ഗോതമ്പ് വിതരണത്തിനു യോഗ്യമല്ലെന്നു റേഷൻ വ്യാപാരികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പഴക്കമുള്ളതും ജീർണിച്ചതുമായ ഗോതമ്പാണ് വിതരണത്തിനെത്തിയിരുന്നത്. ഇതിനു പുറമേ ചെള്ളടക്കമുള്ള പ്രാണികളുമുള്ള ധാന്യം വാങ്ങാൻ കാർഡുടമകൾ തയാറാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
ഇതുമൂലം കാർഡുടമകളും വ്യാപാരികളും തമ്മിൽ തർക്കങ്ങളും പതിവായിരിക്കുകയാണ്. ഇത്തരം ഗോതമ്പ് ഇനിയും വിതരണത്തിനെത്തിക്കാതിരിക്കുകയും വിതരണത്തിനായി കടകളിലെത്തിച്ചവ തിരികെയെടുത്ത് അടിയന്തരമായി പുതിയത് നൽകണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കാവനാട് ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം കാവാലത്തെ ഒരു റേഷൻ കടയിൽനിന്നു ലഭിച്ച പായ്ക്കറ്റ് ആട്ട പുഴുവും ചെള്ളും മൂലം ഉപയോഗ ശൂന്യമായിരുന്നു. പഴകിയ ഉത്പന്നങ്ങൾ വിതരണത്തിനെത്തിക്കുന്നതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്നാണ് കാർഡുടമകൾ പറയുന്നത്.
ഇതിനു പുറമേ മുൻഗണനാവിഭാഗങ്ങൾക്കു ലഭിക്കുന്ന പുഴുക്കലരിയും മിക്കവാറും തീരെ ഗുണനിലവാരമില്ലാത്തവയാണെന്നാണു പരാതി. കയ്പ്പുരസമുള്ള അരി ഉപയോഗിച്ചു ചോറുവച്ചാൽ കഴിക്കാൻ ബുദ്ധിമുട്ടാണ്. അരിയിലും പ്രാണികളുടെ സാന്നിധ്യം വിരളമല്ല.
പൊതുവിപണിയിൽ അവശ്യ സാധനങ്ങളുടെ വില കുതിച്ചുകയറുന്ന സാഹചര്യത്തിൽ സാധാരണക്കാരന്റെ ആശ്രയമായ റേഷൻ കടകളിൽ ഉപയോഗയോഗ്യമായ ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.