സിനിമകളുടെ പേരിടല്‍ ജീത്തു ജോസഫിനെ സംബന്ധിച്ചിടത്തോളം സംവിധാനത്തോളം ബുദ്ധിമുട്ടേറിയ ജോലിയാണ്. പലപ്പോഴും ഷൂട്ടിംഗ് അവസാനിക്കാറാകുമ്പോഴായിരിക്കും പടത്തിന്റെ പേര് കിട്ടുക. പക്ഷെ അതെല്ലാം ഒന്നാന്തരം പേരുകളായിരിക്കും. മലയാള സിനിമയില്‍ റിക്കാര്‍ഡുകളെല്ലാം തകര്‍ത്തെറിഞ്ഞ ദൃശ്യത്തിന് ആ പേര് ലഭിച്ചതിന്റെ രഹസ്യം തുറന്നു പറയുകയാണ് ജീത്തു.
പൃഥ്വിരാജുമായി അടുത്ത സൗഹൃദമാണ് ജീത്തുവിനുള്ളത്. എന്തും തുറന്നു പറയാവുന്ന എടാ പോടാ ബന്ധം. മെമ്മറീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. ലൊക്കേഷനില്‍ വച്ചാണ് പൃഥ്വിരാജിനോട് ദൃശ്യത്തിന്റെ കഥ പറയുന്നത്. പൃഥ്വിയ്ക്ക് കഥ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ പേരിനോട് പൃഥ്വിയ്ക്ക് യോജിപ്പുണ്ടായില്ല. ‘മൈ ഫാമിലി’ എന്നാണ് ജീത്തു ചിത്രത്തിന് പേരിട്ടിരുന്നത്. എന്നാല്‍ പേര് കൊള്ളില്ലെന്ന് പൃഥ്വി മുഖത്തുനോക്കി പറഞ്ഞു. ഈ സിനിമയ്ക്ക് നല്ല മലയാളിത്തമുള്ള പേരാണത്രെ നല്ലത്.
ചങ്ങാതിയുടെ അഭിപ്രായം മാനിച്ച ജീത്തു തിരക്കഥ വീണ്ടും വായിച്ചു. അതില്‍ പലയിടത്തും ദൃശ്യം വന്നുപെട്ട ദൃശ്യം എന്ന വാക്ക് അദ്ദേഹത്തിന്റെ മനസിലുടക്കി. പിന്നെ താമസിച്ചില്ല ദൃശ്യം എന്ന പേര് ഉറപ്പിക്കുകയും ചെയ്തു. പിന്നെ നടന്നതെല്ലാം ചരിത്രം.