പ്രേതങ്ങളും പിശാചുക്കളും അമാനുഷികശക്തികളും യക്ഷികളും അന്യഗ്രഹജീവികളുമെല്ലാം ഇഴചേർന്ന ഭീതിപ്പെടുത്തുന്ന കഥകൾ എല്ലാ ദേശങ്ങളിലുമുണ്ടാകും.
കഥയെന്തായാലും മണ്ണിലലിഞ്ഞു ചേർന്ന ഈ കഥകളെ ദേശത്തെ ആളുകളുടെ മനസിൽനിന്നു മായച്ചുകളയാവുന്നതല്ല.
തലമുറകളിലൂടെ ഈ കഥകൾ കൈമാറ്റം ചെയ്യപ്പെടുന്നു. അമാനുഷികശക്തികൾ ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇവയിലെ കഥാപാത്രങ്ങൾ വിവിധ ഭാവങ്ങളിൽ, രൂപങ്ങളിൽ ആളുകളുടെ മനസുകളിൽ ജീവിക്കുന്നു.
മെക്സിക്കൻ പ്രസിഡന്റ് പ്രസിഡന്റ് ആന്ദ്രേ മാനുവൽ ലോപസ് ഒബ്രഡോർ ട്വിറ്ററിൽ പങ്കുവച്ച ഒരു വിചിത്രജീവിയുടെ ചിത്രം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
മരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഈ ജീവിയെ കണ്ടാൽ ആരും പേടിച്ചുപോകും. ഒരു ഭീകരസത്വം! രാത്രിയിൽ ഇത്തരത്തിലൊരു ജീവിയെ നേർക്കുനേർ കണ്ടാൽ, കാണുന്നയാളുടെ കാര്യത്തിൽ അപ്പോൾതന്നെ തീരുമാനമാകും.
ചിത്രത്തിനൊപ്പം ഒബ്രഡോർ ഒരു അടിക്കുറിപ്പും എഴുതി, “ഇത് മായൻ ഐതിഹ്യങ്ങളിലെ അല്യൂക്സ് എന്ന ജീവിയാണ്’.
ട്വിറ്ററിൽ പോസ്റ്റ് ഇട്ടതു നിസാരക്കാരനല്ല. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ആണ്. ഒരു രാജ്യത്തിന്റെ ഉന്നതപദവിയിലിരിക്കുന്ന വ്യക്തിക്ക് തെറ്റായതും അയുക്തികവും അന്ധവിശ്വാസപരവുമായ വാർത്ത പ്രചരിപ്പിക്കാൻ കഴിയുമോ.
ചിലർ വിശ്വസിച്ചു. മറ്റു ചിലർ അവിശ്വസിച്ചു. ചിലരിൽനിന്നു കടുത്ത വിമർശനങ്ങളും ഒബ്രഡോറിനു നേരിടേണ്ടിവന്നു.
ഡിജിറ്റൽ ഇടങ്ങളുടെ കാലത്ത്, തെറ്റിദ്ധാരണകൾ പരത്തുന്നതും ഊഹാപോഹങ്ങൾ നിറഞ്ഞതുമായ നിരവധി പോസ്റ്റുകൾ സൈബർ ലോകത്തു പ്രത്യക്ഷപ്പെടാറുണ്ട്.
ചിലപ്പോൾ അതിനെല്ലാം മണിക്കൂറുകളുടെ ആയുസു മാത്രം. കൗതുകംകൊണ്ട് വൈറൽ ആയേക്കാം. ഒബ്രഡോറിന്റെ പോസ്റ്റും വൻ തരംഗമായി.
ലക്ഷക്കണക്കിന് ആളുകളാണ് ചിത്രം കണ്ടത്. കമന്റുകളും ഷെയറുകളും ഉണ്ടാകുകയും ചെയ്തു.
മായൻ ട്രെയിൻ പദ്ധതിയിൽ ജോലിചെയ്യുന്ന എൻജിനീയർ അടുത്തനാളിൽ എടുത്തതാണ് ഈ ചിത്രമെന്നും ഒബ്രഡോർ അവകാശപ്പെട്ടു. എന്നാൽ, മറ്റു ചിലർ ഇതു പഴയ ചിത്രമാണെന്നു ചൂണ്ടിക്കാട്ടി.