ബസ് ഡ്രൈവറില്‍ നിന്ന് യുട്യൂബിലേക്ക്! പഴയൊരു മൊബൈൽ ഫോണിൽ നിന്ന് വീഡിയോ ഇട്ട് തുടങ്ങി; ബിജുവിന്റെ മാസവരുമാനം 75 ലക്ഷം രൂപ…

യുട്യൂബില്‍ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന മലയാളികളുടെ ചാനല്‍ കെഎല്‍ ബ്രോ ബിജു ഋത്വിക് എന്നതാണ്. ഇവരെ അറിയാത്ത മലയാളികള്‍ കുറവ്.

കുടുംബം പുലര്‍ത്താന്‍ കൂലിപ്പണിക്ക് പോയിരുന്ന ബിജു ഇന്ന് യുട്യൂബിലൂടെ സ്വന്തമാക്കുന്നത് ലക്ഷങ്ങളാണ്.

മാസന്തോറും 75 ലക്ഷം രൂപയിലധികം ഈ കുടുംബം യുട്യൂബിലൂടെ സ്വന്തമാക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബിജുവും ഭാര്യ കവിതയും മകന്‍ ഋത്വിക്കും അമ്മ കാര്‍ത്യായനിയുമടങ്ങുന്ന ആ കൊച്ചു കുടുംബം ഇന്ന് മലയാളക്കരയ്ക്ക് പ്രിയരാണ്.

കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പാവന്നൂര്‍ മൊട്ട എന്ന ഗ്രാമമാണ് ഇവരുടെ സ്വദേശം. കേരളത്തില്‍ പുതുചരിത്രമെഴുതിനില്‍ക്കുന്ന ആ യുവാവിന്റെ ജീവിതം ആദ്യ കാലത്ത് ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു.

കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായി സാമ്പത്തിക പരാധീനതകള്‍ നിറഞ്ഞ ചുറ്റുപാടിലാണ് ബിജു വളര്‍ന്നത്.

അച്ഛനും അമ്മയും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ഇവരുടേത്. ക്വാറിത്തൊഴിലാളി, പെയിന്റര്‍, ക്ലീനര്‍ തുടങ്ങി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബിജു പല തൊഴിലുകളും ചെയ്തു. പിന്നീടാണ് യുട്യൂബിലേക്ക് എത്തുന്നത്.

ഞങ്ങളുടെ ചാനലിന്റെ പ്രധാന താരങ്ങളെല്ലാവരും കുടുംബക്കാര്‍ തന്നെയാണ്. മെയിന്‍ നായിക അമ്മയാണ് കാര്‍ത്ത്യായനി, അമ്മയ്ക്ക് 67 വയസുണ്ട്.പിന്നെ ഭാര്യ കവിത, പുള്ളിക്കാരി കര്‍ണ്ണാടകത്തിലാണ് വിവാഹം കഴിഞ്ഞ് ഇവിടെയെത്തിയിട്ട് ആറ് വര്‍ഷമായി.

ഞങ്ങളുടെ ചെറിയ മോനാണ് റിത്വിക്, അവനിപ്പോള്‍ ഒന്നാം ക്ലാസിലാണ്. പിന്നെ അനൂട്ടി, എനിക്ക് മൂന്ന് ചേച്ചിമാരാണുള്ളത്. രണ്ടാമത്തെ ചേച്ചിയുടെ മകളാണ് ഈ അനൂട്ടി, അനുവിന് ഒരു സഹോദരന്‍ കൂടിയുണ്ട് അങ്കിത് അവനും ഞങ്ങളുടെ വീഡിയോകളിലെ താരമാണ്.

തുടക്ക കാലത്ത് ഞാനും അമ്മയും കവിതയും മാത്രമായിരുന്നു. പിന്നെ അങ്കിതും അനുവും എത്തി, റിത്വികിനെ ചെറിയ ചെറിയ ഭാഗങ്ങളിലെത്തിച്ചു തുടങ്ങിയതാണ്. ശരിക്കും പറഞ്ഞാല്‍ ഇപ്പോള്‍ ഞാന്‍ അവനെ ചുറ്റിപ്പറ്റി കഥയെഴുതാന്‍ തുടങ്ങി. ചേച്ചിമാരും അവരുടെ കുട്ടികളും സുഹൃത്തുക്കളും ഒക്കെ പറ്റുന്ന പോലെ വീഡിയോകളുടെ ഭാഗമാകാറുണ്ട്.ചുരുക്കി പറഞ്ഞാല്‍ സ്നേഹം നിറഞ്ഞ ഒരു കൂട്ടായ്മ, അതാണ് യൂട്യൂബ് ചാനലിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

ടിക്ക് ടോക്കിനു വേണ്ടിയാണ് റീല്‍സ് ചെയ്തു തുടങ്ങിയത്, വളരെ ദൈര്‍ഘ്യം കുറഞ്ഞ വീഡിയോകള്‍ വേണമല്ലോ,പലപ്പോഴും കഥകള്‍ മാക്സിമം ചുരുക്കിയും എപ്പിസോഡുകളാക്കിയും ഒക്കെയാണ് ചെയ്തിരുന്നത്.

പിന്നെ യൂട്യൂബിലേക്ക് എത്തിയ ശേഷമാണ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടന്റുകളിലേക്ക് കടക്കുന്നത്. തുടക്കത്തില്‍ ചെയ്തിരുന്നതൊക്കെ ഷോര്‍ട്ട്ഫിലിമുകളായിരുന്നു. ഒരു അമ്പത് വീഡിയോകളോളം അഞ്ച്മിനുട്ട്, പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള കുഞ്ഞുകുഞ്ഞു കഥകള്‍ തന്നെയായിരുന്നു.

ടിക്ക് ടോക്കില്‍ അക്കൗണ്ട് തുടങ്ങിയ സമയത്ത് ബിജു റിത്വിക് എന്നായിരുന്നു പേര്. എന്റെ പേര് ബിജു എന്നായതു കൊണ്ട് മറ്റൊന്നും ആലോചിച്ചില്ല.

എനിക്ക് അക്കൗണ്ട് തുടങ്ങി തന്ന സുഹൃത്ത് തല്‍ക്കാലം എന്റെ പേര് തന്നെ വെയ്ക്കാം എന്ന് നിര്‍ദ്ദേശിച്ചു. തീരെ ചെറിയ പേരായതു കൊണ്ട് ദൈര്‍ഘ്യത്തിനായി മകന്റെ റിത്വിക് കൂടി ചേര്‍ത്തു. ടിക്ക് ടോക്കില്‍ ഏകദേശം 500കെ ഓളം ഫോളോവേഴ്സുണ്ടായിരുന്നു.

അതുകൊണ്ട് യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോഴും ആ പേര് തന്നെ പിന്തുടര്‍ന്നു. പേര് കണ്ടാല്‍ യൂട്യൂബില്‍ ആരെങ്കിലും തിരിച്ചറിയും എന്ന് വിചാരിച്ചിട്ടാ ആ പേര് തന്നെ മതിയെന്ന് ഉറപ്പിച്ചത് പക്ഷെ യൂട്യൂബിലേക്ക് അങ്ങനെ ടിക്ക് ടോക്ക് കണ്ട് അറിഞ്ഞെത്തിയവരൊന്നും ഉണ്ടായില്ല.

ഞാന്‍ നേരത്തെ പറഞ്ഞില്ലേ ആ ട്രിപ്പിന് ഞങ്ങള്‍ പോയ വണ്ടിയുടെ പേര് കെഎല്‍ ബ്രോ എന്നായിരുന്നു.അങ്ങനെ പേര് സിംപിളാക്കാന്‍ കെഎല്‍ ബ്രോ കൂടി കടം എടുത്തു. റഷീദാണ് കെഎല്‍ ബ്രോ എന്ന പേര് വണ്ടിയ്ക്ക് വെച്ചത്.

സാമ്പത്തികമായി ഞാന്‍ ബുദ്ധിമുട്ടിയ സമയത്തും എന്റെ എല്ലാ വിഷമങ്ങളിലും സന്തോഷങ്ങളിലും ചങ്കായി കൂടെ നില്‍ക്കുന്ന ചങ്ങാതിയാണ് റഷീദ് അവനോടുള്ള എന്റെ ഇഷ്ടം ആ പേരിനെ ഹൈലൈറ്റ് ചെയ്യിപ്പിച്ചു എന്നെയുള്ളു.

യൂട്യൂബില്‍ ഒരു വീഡിയോ ചെയ്യണം എന്ന് റഷീദ് പറഞ്ഞകൂട്ടത്തില്‍ കുറച്ച് നീളം വേണമെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചിരുന്നു.

അങ്ങനെ ആദ്യത്തെ എപ്പിസോഡ് അടക്കം രണ്ട് എണ്ണം എന്റെ ജീവിതത്തിലെ കഥ തന്നെയാണ് ചെയ്തത്.കണ്ണൂര്‍ക്കാരനും കന്നഡക്കാരിയും ഞങ്ങളുടെ കഥ തന്നെയാണ്. ആദ്യത്തെ വീഡിയോ ചെയ്തു എല്ലാം കഴിഞ്ഞു.പക്ഷെ അപ്ലോഡ് ചെയ്യാന്‍ അറിയാത്തതുകൊണ്ട് കുഴങ്ങിപ്പോയി.

നമ്മുടെ നാട്ടില്‍ കര്‍ക്കിട മരുന്നൊക്കെ ഉണ്ടാക്കുന്ന ഒരു വിദ്വാനുണ്ട്.പുള്ളിക്ക് അപ്ലോഡിംഗ് കാര്യങ്ങളൊക്കെ അറിയാം.

പിന്നെ വേറൊന്നും നോക്കിയില്ല വീഡിയോയും ഫോണും പിടിച്ച് പുള്ളിയുടെ അടുത്തേക്ക് പോയി.മരുന്നൊക്കെ ഉണ്ടാക്കി തീരുന്നത് വരെ കാത്തിരുന്ന് പിന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തത്.

അരമണിക്കൂര്‍ കഴിഞ്ഞതും എന്നെയൊരു സുഹൃത്തു വിളിച്ചു, വീഡിയോ കണ്ടു നന്നായിട്ടുണ്ടെന്ന് പറഞ്ഞു.പിന്നെ നാട്ടുകാരില്‍ കുറച്ചുപേരൊക്കെ ഷെയര്‍ ചെയ്തു.അമ്മയ്ക്കും കവിയ്ക്കും വീഡിയോ ഒരുപാട് ഇഷ്ടമായി.

ഞാനും അക്ഷയ് എന്ന എന്റെ സുഹൃത്തും ഒക്കെ വീഡിയോയിലുണ്ടായിരുന്നു.ആദ്യത്തെ വീഡിയോ ആയതുകൊണ്ടാകണം ഇപ്പോഴും എനിക്ക് ആ വീഡിയോ വലിയ സംഭവം തന്നെയായി തോന്നുന്നത്.

ആദ്യഘട്ടത്തിലൊന്നും മകന്‍ ഋത്വിക്കിനെ വീഡിയോയില്‍ ഉള്‍പ്പെടുത്താറില്ല. കാരണം കുട്ടികളെ കാണിക്കാന്‍ യൂട്യൂബില്‍ ചില നിബന്ധനകളുണ്ട്.

എട്ടുമാസം മുമ്പാണ് അവന്‍ വീഡിയോയില്‍ വന്നുതുടങ്ങിയത്. ‘ടോം ആന്‍ഡ് ജെറി’ എന്ന ഷോര്‍ട്‌സ് വീഡിയോ സീരിസിലാണ് അവന്‍ സ്ഥിരമായി അഭിനയിക്കുന്നത്.

ആ ഷോര്‍ട്‌സ് വീഡിയോകള്‍ വൈറലാണ്. 100 മില്യണ്‍ വ്യൂസ് വരെ കിട്ടിയ വീഡിയോകളുണ്ട്. എല്ലാ ദിവസവും വീഡിയോകള്‍ പ്രീമിയര്‍ ചെയ്യാറുണ്ട്.”

”ആദ്യം കാഴ്ചക്കാരെ കിട്ടാതിരുന്നപ്പോള്‍ നിരാശ തോന്നിയിരുന്നു. ഇനി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് രണ്ടാഴ്ച വീഡിയോകള്‍ നിര്‍ത്തിവെച്ചു.

എഴുതിവെച്ച കഥകളെല്ലാം എടുത്ത് മേശയിലിട്ട് പൂട്ടി. കൊവിഡ് കാരണം ബസിലും പണിയില്ലായിരുന്നു. എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.

അപ്പോള്‍ കവിയാണ് പറഞ്ഞത് ”എന്തായാലും വെറുതെയിരിക്കുകയാണ്, നമുക്ക് ഈ പുസ്തകത്തിലുള്ള കഥകളോരോന്നും ചെയ്ത് നോക്കികൂടെ” എന്ന്. അങ്ങനെ വീണ്ടും വീഡിയോകള്‍ ചെയ്യാനാരംഭിച്ചു.

മുമ്പ് എങ്ങനെയാണോ ജീവിച്ചിരുന്നത് അതുപോലെ തന്നെയാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. ഞങ്ങളുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ഒരിക്കലും വ്‌ളോഗില്‍ പറയാറില്ല.

ആള്‍ക്കാരെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ എല്ലാവരെയും വിളിച്ചിരുന്നു. അമ്മയുടെ ശസ്ത്രക്രിയയുടെ സമയത്തായതിനാല്‍ പോവാനായില്ല.

സിനിമയ്ക്ക് വേണ്ടി ചില ആശയങ്ങള്‍ കുറേക്കാലമായി മനസ്സിലിട്ട് നടക്കുന്നുണ്ട്. അതൊരു തിരക്കഥയാക്കി സിനിമയാക്കണം എന്നാണ് വലിയ സ്വപ്നം.

അതിമോഹമാണോ എന്നറിയില്ല, എന്നെകൊണ്ട് അത് സാധിക്കുമോ എന്നും അറിയില്ല. തീര്‍ച്ചയായും ശ്രമിച്ച് നോക്കും.

എല്ലാവരുംകൂടി ഒരു വിദേശയാത്ര നടത്തണമെന്നുണ്ട്. അമ്മയടക്കം ഇതുവരെ വിമാനത്തില്‍ കയറിയിട്ടില്ല. ഓരോ ആഗ്രഹങ്ങളായി സാധിച്ചെടുക്കാം. കൂടെ നിന്ന് ഇവിടം വരെ എത്തിച്ച പ്രേക്ഷകര്‍ക്ക് നന്ദി. അവരില്ലെങ്കില്‍ ഞങ്ങളില്ല. ‘- ബിജു പറയുന്നു.

Related posts

Leave a Comment