കൊയിലാണ്ടി(കോഴിക്കോട്): പ്രതിരോധ ജാഥയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ആർഎസ്എസി ന്റെ സേവനവിഭാഗമായ സേവാഭാരതിയുടെ പ്രവര്ത്തകന് ഷാള് അണിയിച്ചതുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു.
സേവാഭാരതിയുടെ രക്ഷാധികാരിയും ഹിന്ദു എക്കണോമിക് ഫോറത്തിന്റെ ഭാരവാഹിയും കൊയിലാണ്ടിയിലെ സ്റ്റീൽ, സിമന്റ് വ്യവസായിയുമായ രാജീവൻ എന്നയാളാണ് സംസ്ഥാന ജാഥയിലെ വിഐപി സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചത്.
25-നായിരുന്നു പ്രതിരോധ ജാഥയുടെ കൊയിലാണ്ടിയിലെ സ്വീകരണം. സ്വീകരണത്തിനുശേഷം സോഷ്യൽ മീഡിയായിൽ ഇത് സംബന്ധിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്.
പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും ചൂടേറിയ ചർച്ച നടക്കുന്നുണ്ട്.നിരവധി പേർ ഫേസ് ബുക്കിലൂടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
സ്വീകരണ യോഗത്തിനെത്തിയ എംഎൽഎയും കൊയിലാണ്ടിയിലെ മറ്റ് നേതാക്കളും വ്യവസായിയെ അങ്ങോട്ട് പോയി ഇയാളെ ഹസ്തദാനം ചെയ്തതും പ്രത്യേകം വിവാദമായി.
ഇത് സംബന്ധിച്ച് പലരും പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചതായാണ് പറയുന്നത്. പാർട്ടിക്ക് ഇയാൾ ലക്ഷങ്ങൾ സംഭാവന നൽകുന്നതായാണ് വിവരം.
അതിൽ പകുതിയും പാർട്ടി ഫണ്ടിലേക്ക് കിട്ടുന്നില്ല എന്നും നേതാക്കളുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും അണികൾ ആരോപിക്കുന്നുണ്ട്.
സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറിയാണ് ഇയാളെ സ്റ്റേജിലേക്ക് കയറ്റാൻ ശ്രമിച്ചതെന്നാണ് ആരോപണം. ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഇയാളുമായ നല്ല അടുപ്പത്തിലാണ്.
ജാഥാ ലീഡറെ ഹാരാർപ്പണം നടത്തുന്ന സമയത്ത് ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ഓരോരുത്തരുടെയും പേരെടുത്താണ് വിളിച്ചത്. പിന്നീട് ലോക്കൽ കമ്മിറ്റികളുടെ പേരും, ഒടുവിൽ രാജീവൻ എന്ന പേരും വായിച്ചു.
ലോക്കൽ സെക്രട്ടരിമാരുടെ പേര് വായിച്ചില്ലെങ്കിലും സിമന്റ് വ്യവസായിയുടെ പേര് വായിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇയാളെ സ്റ്റേജിലേക്ക് കയറ്റിയ നേതാവിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിനയച്ച കത്തിൽ സൂചിപ്പിച്ചതെന്നാണ് അറിയുന്നത്.