തിരുവനന്തപുരം: വരുംദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസുകളിലെ ജലനിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്തിന്റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജലവിഭവവികസന വിനിയോഗ കേന്ദ്രത്തിലെ (സിഡബ്ല്യുആര്‍ഡിഎം) ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൂടു കൂടിയതോടെ സംസ്ഥാനത്ത് പലയിടത്തും ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്.
അന്തരീക്ഷത്തിലെ ഉയർന്ന താപനിലനിയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ വർധന ഉണ്ടായിട്ടുണ്ട്. ചൂട് ഈ രീതിയിൽ കൂടുകയും ഇനിയുള്ള ദിവസങ്ങളിൽ മഴ കിട്ടാതിരിക്കുകയും ചെയ്താൽ ജലക്ഷാമം രൂക്ഷമാകും.
അന്തരീക്ഷ ബാഷ്പീകരണം കൂടുന്നതനുസരിച്ചു ഭൂഗർഭ ജലനിരപ്പ് വലിയ തോതില്‍ കുറയും. ജലവിനിയോഗത്തില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗര്‍ഭ ജലനിരപ്പ് ഏറെ താഴ്ന്ന കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളെ ക്രിട്ടിക്കല്‍ മേഖലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം വേനൽമഴ ആവശ്യത്തിന് ലഭിച്ചാൽ പ്രശ്നമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ജലക്ഷാമം ഒഴിവാക്കാൻ ജല അഥോറിറ്റിക്ക് 11 നിർദേശങ്ങൾ നൽകിയതായി കഴിഞ്ഞ ദിവസം മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചിരുന്നു.
ജലശുദ്ധീകരണശാലകളിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താനും പൈപ്പുകളുടെ ഇന്റർ കണക്ഷൻ ജോലികൾ പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്.