കുട്ടനെല്ലൂർ: തൃശൂർ കുട്ടനെല്ലൂരിൽ വാഹന ഷോറൂമിൽ വൻ തീപിടിത്തം. ദേശീയപാത കുട്ടനെല്ലൂർ ക്ഷേത്രത്തിനു സമീപത്തെ ഹൈസൺ ജീപ്പ് ഷോറൂമിലാണ് വൻ അഗ്നിബാധയുണ്ടായത്.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു. അഞ്ച് ഫയർ സ്റ്റേഷനുകളിൽനിന്നുള്ള ഒമ്പത് ഫയർ യൂണിറ്റുകൾ ചേർന്നാണ് മൂന്നു മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചത്.
ഇന്നു രാവിലെ ആറോടെയാണ് ഷോറൂമിന്റെ പിറകുവശത്തുനിന്നു പുക ഉയരുന്നത് നാട്ടുകാർ കണ്ടത്. സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് മൂന്നു യൂണിറ്റ് ഫയർഫോഴ്സാണ് ആദ്യം എത്തിയത്.
അഗ്നിബാധ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ പുതുക്കാട്, ഇരിഞ്ഞാലക്കുട സ്റ്റേഷനുകളിൽനിന്ന് ആറ് യൂണിറ്റ് കൂടി തീയണയ്ക്കാൻ എത്തി. കാർ ഷോറൂമിന്റെ പിൻവശത്തുനിന്നുണ്ടായ അഗ്നിബാധ പിന്നീട് മുൻ ഭാഗത്തേക്കും പടരുകയായിരുന്നു.
വാഹനങ്ങളുടെ താക്കോൽ ഷോറൂമിന് അകത്തായിരുന്നതിനാൽ തീപിടിത്തം ഉണ്ടായപ്പോൾ പല വാഹനങ്ങളും പുറത്തിറക്കാനും സാധിച്ചില്ല. ഇതാണ് നാശനഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയത്.
ഷോറൂമിന് പുറത്ത് കിടന്നിരുന്ന വാഹനങ്ങൾ അവിടെ നിന്നും മാറ്റിയതിനാൽ നാശം സംഭവിച്ചില്ല. തീപിടിത്തത്തിന് കാരണം ഇനിയും വ്യക്തമായിട്ടില്ല.