പത്തനംതിട്ട: മലയാലപ്പുഴ വെട്ടൂരില്‍ നിന്നു തട്ടിക്കൊണ്ടുപോയ യുവാവിനെ പിറ്റേന്നു പുലര്‍ച്ചെ കാലടിയില്‍ ഇറക്കിവിട്ട സംഭവത്തിനു പിന്നിലെ ഗുണ്ടാസംഘത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളില്ല.
ഇവരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നതായി പോലീസ് പറയുമ്പോഴും തനിക്ക് പരാതിയില്ലെന്നു പറഞ്ഞ തട്ടിക്കൊണ്ടുപോകലിന് ഇരയായ യുവാവിന്റെ മൊഴി ദുരൂഹത വര്‍ധിപ്പിക്കുന്നു.
കുമ്പഴ വെട്ടൂര്‍ ചാങ്ങിയല് ബാബുക്കുട്ടനെ (അജേഷ് കുമാര്‍, 38)യാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.40ന് വീട്ടില്‍ നിന്നും ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോകലിനു പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഡല്‍ഹി വ്യവസായിയായ മലയാലപ്പുഴ സ്വദേശിയുടെ ക്വട്ടേഷനാണെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്.
ബാബുക്കുട്ടന്റെ കൈവശമുണ്ടെന്നു സംശയിക്കുന്ന വീഡിയോ ദൃശ്യം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയതെന്ന സംശയവുമുണ്ട്.
കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് ഇയാള്‍ തയാറാകാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
കട്ട നിര്‍മാണ കമ്പനി ഉടമയും വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമാണ് ബാബുക്കുട്ടന്.
വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എത്തിയ അഞ്ചംഗ സംഘം ബാബുക്കുട്ടനെ പിടിച്ചുകൊണ്ടുപോയതായാണ് പോലീസില്‍ പരാതി ലഭിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ കാലടി പോലീസ് സ്റ്റേഷനു സമീപം ഇയാളെ ഇറക്കിവിടുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവാവിനെ പത്തനംതിട്ടയില്‍ നിന്നു പോലീസെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു.
കാറിനുള്ളില്‍വച്ച് ക്രൂര മര്‍ദനമേറ്റ ബാബുക്കുട്ടന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ശരീരമാസകലം ക്ഷതമേറ്റ പാടുകളോടെയാണ് ബാബുക്കുട്ടനെ കണ്ടെത്തിയത്.
എന്നാല്‍, ഗുണ്ടാസംഘത്തിനെതിരേ പരാതി നല്കാന് ഇയാള്‍ തയാറായിട്ടില്ല. എന്നാല്‍ തട്ടിക്കൊണ്ടുപോകലിനു കേസുള്ളതായി പോലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ ഉള്‍പ്പെടെ വിവരങ്ങള്‍ ലഭിച്ചിട്ടും സംഭവദിവസം വാഹനം കണ്ടെത്താന്‍ പോലീസ് ശ്രമിക്കാതിരുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
ബാബുക്കുട്ടന്റെ ഫോണില്‍ ഉള്ളതായി പറയുന്ന ഒരു വീഡിയോയുടെ പേരിലാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്ന് പോലീസിനു പ്രാഥമിക വിവരം ലഭിച്ചിരുന്നു.
എന്നാല്‍ ഫോണ്‍ വീട്ടിലായിരുന്നതിനാല്‍ സംഘത്തിന് ഇതു ലഭിച്ചില്ല. ഇതിന്റെ പേരില്‍ ഉപദ്രവം ഏല്ക്കേണ്ടിവന്നു.
തുടര്‍ന്നും ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഇയാള്‍ പരാതിയില്ലെന്നു പറയുന്നതെന്ന് പോലീസ് സംശയിക്കുന്നു.