ന്യൂഡൽഹി: ഇന്ത്യന്‍ നിര്‍മിത സിറപ്പ് കുടിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തിന് പിന്നാലെ നോയിഡയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റിയോണ്‍ ബയോടെക് ലിമിറ്റഡിലെ ജീവനക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് സ്റ്റേഷന്‍ ഫേസ് 3-ല്‍ കമ്പനിക്കെതിരെ ഡ്രഗ് ഇന്‍സ്പെക്ടര്‍ കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യാ ഗവണ്‍മെന്റ് ഡ്രഗ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് വിഷയം അന്വേഷിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കേസെടുത്തതും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതും. ഇവര്‍ കമ്പനിയില്‍ വ്യാജ മരുന്നുകള്‍ ഉണ്ടാക്കി വിതരണം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നോയിഡ സെക്ടര്‍ 67 ആസ്ഥാനമായ കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാര്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ലാബില്‍ പരിശോധിച്ചപ്പോള്‍ സിറപ്പില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഡിസംബര്‍ 27ന് കേന്ദ്ര, പ്രാദേശിക അന്വേഷണ ഏജന്‍സികള്‍ കമ്പനിയില്‍ നിന്ന് അഞ്ച് സാമ്പിളുകള്‍ എടുത്തിരുന്നു.സിറപ്പുകള്‍, ഗുളികകള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെയാണ് പരിശോധിച്ചത്.
2010ല്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നില്ല. സംഭവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ സിഡിഎസ്സിഒയുടെ ടീമിനൊപ്പം ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഗൗതം ബുദ്ധ് നഗര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഡ്രഗ് മീററ്റ് എന്നിവര്‍ ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു.തുടര്‍ന്നാണ് മരുന്നുകളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചത്.
കമ്പനിക്കെതിരെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ കേസെടുത്തതായി സെന്‍ട്രല്‍ ഡിസിപി രാജീവ് ദീക്ഷിത് പറഞ്ഞു. ഇതില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.
രണ്ട് ഡയറക്ടര്‍മാര്‍ക്ക് തിരച്ചില്‍ തുടരുകയാണ്. ഇക്കൂട്ടര്‍ വ്യാജ മരുന്നുകള്‍ ഉണ്ടാക്കി വിതരണം ചെയ്യാറുണ്ടായിരുന്നു. ഒളിവില്‍ പോയ പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.