തിരുവനന്തപുരം: തിരുവനന്തപുരത്ത് യോഗ അഭ്യസിക്കാനെത്തിയ ബെൽജിയം സ്വദേശിനിയെ പീഡിപ്പിച്ച വൈദ്യൻ പിടിയിൽ. കോട്ടൂർ സ്വദേശി ഷാജി(44)യെയാണ് നെയ്യാർ ഡാം പോലീസ് അറസ്റ്റ് ചെയ്തത്.
യോഗ പഠിക്കാന്‍ മൂന്ന് മാസം മുന്‍പാണ് ബെല്‍ജിയം സ്വദേശിയായ യുവതി തിരുവനന്തപുരത്ത് എത്തിയത്. കഴിഞ്ഞമാസം നെയ്യാർ ഡാമിലെ ഹോം സ്റ്റേയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്.
പരിചയം മുതലാക്കി സ്വന്തം ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലേക്ക് ഇയാള്‍ യുവതിയെ ക്ഷണിച്ച് വരുത്തിയ ശേഷം ഇവിടെ വച്ച് പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അസുഖബാധിതയായി കാട്ടാക്കടയിലെത്തി ചികിത്സ തേടിയ യുവതി ഡോക്ടറോടാണ് സംഭവത്തെക്കുറിച്ച് പറഞ്ഞത്.
യുവതി യോഗ പഠിക്കാനെത്തിയ യോഗാ പരിശീലന കേന്ദ്രത്തിലെ അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.
യുവതിയുടെ മൊഴിയെടുത്ത പോലീസ് ഷാജിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.