അയര്‍ക്കുന്നം: ബിഎസ്പി പ്രാദേശിക നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം കഞ്ചാവ് മാഫിയ സംഘങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണെന്ന് പ്രദേശവാസികള്‍.
ഇന്നലെ രാവിലെയാണ് തിരുവഞ്ചൂര്‍ വന്നല്ലൂര്‍ക്കര കോളനിയില്‍ ഇലവുങ്കല്‍ ഷൈജു (49)വിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പ്രദേശവാസികളായ രണ്ടു പേർ അയര്‍ക്കുന്നം പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
ഈ പ്രദേശത്തെ കഞ്ചാവ് മാഫിയയുടെ ശല്യത്തെക്കുറിച്ചു നാട്ടുകാര്‍ നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടികളുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
മരണപ്പെട്ട ഷൈജു വാര്ക്കത്തൊഴിലാളിയാണ്. ജോലി കഴിഞ്ഞ് അയര്‍ക്കുന്നത്ത് ബിഎസ്പിയുടെ പോസ്റ്റര്‍ ഒട്ടിച്ചതിനുശേഷം തിരികെ വീട്ടിലേക്കു വരുമ്പോഴാണ് സംഭവം.
ഇവിടെ മദ്യപിച്ചിരുന്ന രണ്ടംഗ സംഘവുമായി വാക്കേറ്റമുണ്ടായതായും പോലീസ് പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മരിച്ച ഷൈജുവിന്റെ തലയ്ക്കു ഹെല്‍മറ്റു കൊണ്ടുള്ള അടിയേറ്റിട്ടുണ്ട്. അയര്‍ക്കുന്നം, തിരുവഞ്ചൂര്‍ പ്രദേശത്തെ കഞ്ചാവ്, മയക്കുമരുന്ന് മാഫികള്ക്കെതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.