സംഗീത സംവിധായകന്, ഗായകന്, നടന് എന്നീ നിലകളില്‍ പ്രശസ്തനാണ് പീയൂഷ് മിശ്ര. ഇപ്പോള്‍ ഇദ്ദേഹം നടത്തിയിരിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബന്ധുവായ സ്ത്രീ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മിശ്രയുടെ വെളിപ്പെടുത്തല്‍.
ആത്മകഥാംശമുള്ള നോവലായ ‘തുമാരി ഓകാത്ത് ക്യാ ഹേ പീയൂഷ് മിശ്ര’ എന്ന നോവലിലാണ് അദ്ദേഹം ഇക്കാര്യം വെള്ളിപ്പെടുത്തിയത്.
പി.ടി.ഐയ്ക്ക് അടുത്തിടെ നല്കിയ അഭിമുഖത്തിലും പീയൂഷ് ഇക്കാര്യം പറഞ്ഞിരുന്നു. വളരെ ആഴത്തിലുള്ള ആഘാതമാണ് ഏതാണ്ട് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം തന്നിലുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞത്.
മിശ്രയുടെ വാക്കുകള്‍ ഇങ്ങനെ…ലൈംഗികത വളരെ ആരോഗ്യകരമായ ഒരു കാര്യമാണ്, അതുമായുള്ള നിങ്ങളുടെ ആദ്യ കൂടിക്കാഴ്ച നല്ലതാവണം.
അല്ലാത്തപക്ഷം അത് നിങ്ങളുടെ ജീവിതത്തിന് മുറിവേല്‍പ്പിക്കുകയും ജീവിതകാലം മുഴുവന്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.
ആ ലൈംഗികാതിക്രമത്തില്‍ നിന്ന് പുറത്തുവരാന്‍ എനിക്ക് വളരെയധികം സമയം വേണ്ടിവന്നു. ചില ആളുകളുടെ വ്യക്തിത്വം മറയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.
അവരില്‍ ചിലര്‍ സ്ത്രീകളും, ചിലര്‍ പുരുഷന്മാരുമാണ്. കൂടാതെ സിനിമാ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നവരുമാണ്. ആരോടും പ്രതികാരം ചെയ്യാനോ ആരെയും വേദനിപ്പിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല… പീയൂഷ് വ്യക്തമാക്കി.
സിനിമയിലേക്കുള്ള പീയൂഷ് മിശ്രയുടെ കടന്നുവരവും ഇന്നത്തെ നിലയിലേക്കെത്താന്‍ അഭിമുഖീകരിച്ച കഷ്ടപ്പാടുകളുമാണ് ‘തുമാരി ഓകാത്ത് ക്യാ ഹേ പീയൂഷ് മിശ്ര’യില്‍ ചിത്രീകരിച്ചിരിക്കുന്നത്.
മിശ്രയുടെ തന്നെ ആത്മാംശമുള്ള സന്താപ് ത്രിവേദി എന്ന കഥാപാത്രമാണ് നോവലിലെ പ്രധാന കഥാപാത്രം.
മെഡിക്കല്‍ രംഗത്ത് പ്രാഗത്ഭ്യം തെളിയിക്കണമെന്ന അച്ഛന്റെ വാക്ക് ധിക്കരിച്ച് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുന്ന കഥാപാത്രമാണിത്.
വിശാല്‍ ഭരദ്വാജ് ഒരുക്കിയ മഖ്ബൂല്‍, അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗുലാല്‍, ഗ്യാങ്സ് ഓഫ് വസേപുര്‍ തുടങ്ങിയ ചിത്രങ്ങളിലെ പീയൂഷ് മിശ്രയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
ഈ ചിത്രങ്ങള്‍ക്കായി ഗാനങ്ങളെഴുതുകയും സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്തതും അദ്ദേഹം ആയിരുന്നു. ബല്ലിമാരാന്‍ എന്ന സംഗീത ബാന്‍ഡിന്റെ ഭാഗംകൂടിയാണ് പീയൂഷ് മിശ്ര.