കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരേ ബിജെപി നേതാവ് നടത്തിയ പ്രസ്താവന വിവാദത്തില്‍.
രാഹുല്‍ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികള്‍ ഉണ്ടാകാത്തതിനാലാണെന്നായിരുന്നു പരാമര്‍ശം.
കര്‍ണാടക ബിജെപി അധ്യക്ഷനും ലോക്സഭാ എംപിയുമായ നളിന്‍കുമാര്‍ കട്ടീലാണ് വിവാദ പരാമര്‍ശം നടത്തിയത്.
നളിന്‍കുമാറിന്റെ വിവാദ പരാമര്‍ശം ഉള്‍പ്പെടുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
”രാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞത് ? കോവിഡ് വാക്സീന് സ്വീകരിക്കരുതെന്നും സ്വീകരിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നും സിദ്ധരാമണ്ണയും (കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ) രാഹുല്‍ ഗാന്ധിയും പറഞ്ഞു. പക്ഷേ, അവര്‍ രാത്രിയില്‍ രഹസ്യമായി കോവിഡ് വാക്സീന് സ്വീകരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണെന്നു നമ്മുടെ എംഎല്‍സി മഞ്ജുനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതായത് വിവാഹം കഴിച്ചാലും കുട്ടികളുണ്ടാകില്ല” ഇതായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം.
നളിന്‍ കുമാറിന് ഗുരുതരമായ മാനസിക പ്രശ്നമുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖര്‍ഗെയുടെ ട്വീറ്റ്.
”നളിന്‍ കുമാറിനു കാര്യമായ എന്തോ മാനസിക പ്രശ്നമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന കേള്‍ക്കുമ്പോള്‍ തോന്നുന്നത്. അദ്ദേഹത്തിന്റെ ബുദ്ധിയില്ലായ്മയുടെ അസുഖം അവരുടെ പാര്‍ട്ടിയെയും ബാധിച്ചിട്ടുണ്ട്. ബിജെപിക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ” പ്രിയങ്ക് ഖര്‍ഗെ കുറിച്ചു.
അതേസമയം, നളിന്‍കുമാറിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നില്ലെന്ന് ബിജെപി വ്യക്തമാക്കി.
”ഏതു സാഹചര്യത്തിലാണ് ഞങ്ങളുടെ പ്രസിഡന്റ് ആ പ്രസ്താവന നടത്തിയതെന്ന് അറിയില്ല. എന്തായാലും പ്രസ്താവനയോട് എനിക്ക് യോജിപ്പില്ല. ഞാന്‍ അതിനെ പിന്തുണയ്ക്കുന്നുമില്ല’ ബിജെപി നേതാവും കര്‍ണാടക ആരോഗ്യമന്ത്രിയുമായ കെ.സുധാകര്‍ വ്യക്തമാക്കി.