തിരുവനന്തപുരം: വർക്കല പാപനാശത്തെ പാരാഗ്ലൈഡിംഗ് അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
പാരാഗ്ലൈഡിംഗ് കന്പനിയുടെ ട്രെയിനർ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ്.
ഫ്ളൈ അഡ്വഞ്ചേഴ്സ് സ്പോർട്ട് പ്രൈവറ്റ് കന്പനി ഉടമ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കന്പനി ഉടമ ഒളിവിലാണ്.
ഇന്നലെ വൈകുന്നേരം 3.45 ഓടെയാണ് പാരാഗ്ലൈഡിംഗിനിടെ കോയന്പത്തൂർ സ്വദേശിനിയായ പവിത്ര എന്ന യുവതിയും ട്രെയിനറും പാപനാശത്തെ ഹൈമാസ്ക് ലൈറ്റിന് മുകളിൽ കുടുങ്ങിയത്.
100 അടിയോളം ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലായിരുന്നു ഇവർ കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും താഴെയിറക്കിയത്.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. സന്ദീപിനും പവിത്രക്കും പരിക്കേറ്റിരുന്നു. പവിത്ര വർക്കലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനിടെ കന്പനി ജീവനക്കാർ പവിത്രയിൽ നിന്നും വെള്ളപേപ്പറിൽ ഒപ്പിട്ട് വാങ്ങിയെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
അതേ സമയം പാപനാശം പ്രദേശത്ത് പാരാഗ്ലൈഡിംഗ് നടത്താൻ കന്പനിക്ക് അനുമതിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കന്പനിയെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.