സ്വന്തം ലേഖിക
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് ആരോപിതനായ വിജേഷ് പിള്ള.
താൻ മുപ്പതുകോടി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ തെളിവുകൾ സ്വപ്ന പുറത്തുവിടട്ടെ. തന്റെ മുന്നിലും പിന്നിലും താൻ അല്ലാതെ വേറെ ആരുമില്ല.
ഒരാളെക്കുറിച്ച് വായിൽ തോന്നുന്നതെന്തും പറയാൻ പാടില്ലല്ലോ. കൂടിക്കാഴ്ച സ്വപ്ന വളച്ചൊടിച്ചു. അവർ കഥ പ്ലാൻ ചെയ്ത് തന്നെ അതിലേക്ക് വലിച്ചിട്ടതാണെന്ന് ഇപ്പോൾ സംശയിക്കുന്നുവെന്നും വിജേഷ് പിള്ള പറഞ്ഞു.
സ്വർണക്കടത്തു കേസിൽ ഒത്തു തീർപ്പിനായി വിജയ് പിള്ള എന്നയാൾ സിപിഎം നേതാക്കൾക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്ന സുരേഷ് ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു.
വിജയ് പിള്ള എന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞതെങ്കിലും ഇയാളുടെ യഥാർഥ പേര് വിജേഷ് പിള്ള എന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു.
ഫെബ്രുവരി 27നായിരുന്നു താൻ സ്വപ്നയെ വിളിച്ചതെന്ന് വിജേഷ് പിള്ള കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമിലെ വെബ് സീരിസിന്റെ കാര്യം ചർച്ച ചെയ്യാൻ വേണ്ടിയാണ് ബംഗളൂരുവിൽ പോയത്. കഴിഞ്ഞ ശനിയാഴ്ച അവിടെ തങ്ങൾ താമസിച്ച ഹോട്ടലിലേക്ക് സ്വപ്നയാണ് വന്നത്.
കൂടെ സജിത്ത് എന്ന ആളും രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഹോട്ടലിലെ ലോബിയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. അവർ പ്രാഥമികമായി ഓകെ എന്നു പറഞ്ഞിരുന്നതിനാൽ ചർച്ചകൾക്കായി കാണുകയായിരുന്നു. ഹോട്ടലിന്റെ റസ്റ്ററന്റിൽ ഇരുന്നായിരുന്നു സംസാരിച്ചതെന്നും വിജേഷ് പിള്ള പറഞ്ഞു.
കണ്ടന്റ് ചെയ്യുന്നതിനു താൽപര്യമുണ്ടെന്നു പറഞ്ഞിട്ടാണു കൂടിക്കാഴ്ച നടത്തിയത്. അതിൽനിന്ന് അവർക്ക് എങ്ങനെ വരുമാനം ലഭിക്കും എന്നുള്ള കാര്യങ്ങളാണു തങ്ങൾ സംസാരിച്ചത്.
അക്കാര്യങ്ങൾ അവർ വേറൊരു രീതിയിൽ വളച്ചൊടിക്കുന്നുണ്ടോ എന്നു താൻ ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ഒടിടിയിലെ വരുമാനമെന്നത് അവരുടെ കണ്ടന്റ് എങ്ങനെയാണോ അതുപോലെയായിരിക്കും.
അവരെങ്ങനെയാണ് അതു മാനിപുലേറ്റ് ചെയ്യുന്നതെന്ന് തനിക്ക് അറിയില്ല. സ്ക്രിപ്റ്റ് അവർ തയാറാക്കുമെന്നും പറഞ്ഞു. ഇവിടെ അവർ സുരക്ഷിതയല്ലെന്നു പറഞ്ഞപ്പോഴാണ് ഷൂട്ടിംഗ് ഹരിയാനയിൽ നടത്താമെന്നു പറഞ്ഞെതെന്നും വിജേഷ് പിള്ള വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല
തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധങ്ങളില്ല. അംഗത്വവുമില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നാട്ടുകാരനാണെന്ന് ചർച്ചയ്ക്കിടയിൽ സ്വപ്നയോടു പറഞ്ഞിരുന്നു.
അദ്ദേഹത്തെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമേയുള്ളൂ. ഇപ്പോൾ സ്വപ്ന ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളിൽ യാതൊരു വാസ്തവവുമില്ല, ആരോപണങ്ങളെല്ലാം തെറ്റായ കാര്യങ്ങളാണ്.
ഈ പറയുന്ന രാഷ്ട്രീയക്കാർ ആരെയും അറിയില്ല. അവർക്ക് എന്നെയോ എനിക്ക് അവരെയോ അറിയില്ലെന്നും വിജേഷ് പറഞ്ഞു.
ഇഡി ചോദ്യം ചെയ്തു
ഇഡി ഇന്നലെ വിജേഷ് പിള്ളയെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന് ഇഡി സമൻസ് അയച്ചിരുന്നു. ഇന്നലെ ഇഡി ഓഫീസിൽ പോയാണ് മൊഴി നൽകിയത്.
സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ കാണിച്ച് സംസ്ഥാന ഡിജിപിക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും വിജേഷ് പിള്ള പരാതി നൽകിയിട്ടുണ്ട്.