തിരുവനന്തപുരം: കോണ്‍ഗ്രസ് പാർട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമർശനം നടത്തിയ എം.കെ. രാഘവൻ എംപിക്ക് കെപിസിസി പ്രസിഡന്റിന്റെ താക്കീത്.
രാഘവന്റെ പ്രസ്താവനക്ക് പിന്തുണ നൽകിയ കെ. മുരളീധരനും മുന്നറിയിപ്പ് നൽകി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കത്തയച്ചു.
പാർട്ടിയെ മോശമാക്കുന്ന വിധത്തിലുള്ള പരസ്യപ്രസ്താവനകളും വിമർശനങ്ങളും പാടില്ലെന്നും അനുവദിക്കില്ലെന്നും കാട്ടിയാണ് സുധാകരൻ കത്ത് അയച്ചത്.
അതേസമയം തന്നെ ആരും താക്കീത് ചെയ്തില്ലെന്നാണ് രാഘവന്റെ വിശദീകരണം.നിരവധി പാർട്ടി വേദികൾ ഉണ്ടായിട്ടും അതിലൊന്നും അഭിപ്രായം പറയാതെ പരസ്യ വിമർശനം നടത്തിയ എം.കെ. രാഘവന്റെ നിലപാടാണ് കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചത്.
പാര്‍ട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ല. പറയാന്‍ നിരവധി പാര്‍ട്ടി വേദികള്‍ ഉണ്ടായിട്ടും രാഘവന് പറഞ്ഞില്ലെന്നും കെപിസിസി വ്യക്തമാക്കി.
മുൻ കെപിസിസി അധ്യക്ഷൻ എന്ന നിലയ്ക്ക് അഭിപ്രായങ്ങളും പ്രസ്താവനകളും നടത്തുന്പോൾ ജാഗ്രത പാലിക്കണമെന്ന് കെ. മുരളീധരന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സുധാകരൻ.
പ്രസ്താവനകൾ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും അലോസരമുണ്ടാക്കിയെന്ന് നേതാക്കൾ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നു.
ഇതേ തുടർന്നാണ് കെ. സുധാകരൻ പരസ്യ പ്രസ്താവനകൾ വിലക്കുകയും എം.കെ. രാഘവന് താക്കീത് നൽകുകയും ചെയ്തിരിക്കുന്നത്.
വിയോജിപ്പും വിയോജനക്കുറിപ്പും വിമർശനവുമൊന്നും പറ്റാത്ത വാഴ്ത്തലും പുകഴ്ത്തലും മാത്രമായ കാലഘട്ടത്തിലാണ് കോൺഗ്രസ് എന്ന് സംശയിക്കുന്നുവെന്നാണ് എം.കെ.രാഘവൻ വിമർശനം ഉന്നയിച്ചത്.
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും എം.കെ.രാഘവന് ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു.
ഈ പരാമര്‍ശത്തെ കെ മുരളീധരന് പിന്തുണച്ചിരുന്നു. പാർട്ടിയിൽ ഇപ്പോൾ പരസ്പര ചർച്ച നടക്കുന്നില്ല. മിണ്ടാതിരുന്നാൽ ഗ്രേസ് മാർക്ക് എന്നതാണവസ്ഥ എന്നാണ് കെ.മുരളീധരൻ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.