തൊടുപുഴ: വിവാഹം ഉറപ്പിച്ച യുവതി ഭാവിവരന്റെ കൂടെ സ്ഥലംവിട്ടു. മുട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണ് വിവാഹംവരെ കാത്തുനിൽക്കാൻ ക്ഷമയില്ലാതെ വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം പോയത്.
സംഭവത്തിൽ യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകി. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ബംഗളൂരുവിലേക്ക് കടന്നത്.
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരു വീട്ടുകാരും തമ്മിൽ ആലോചിച്ചാണ് വിവാഹം നിശ്ചയിച്ചത്.
എന്നാൽ, ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിന് വിവാഹത്തിൽ എതിർപ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്ന് കരുതിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം സ്ഥലംവിട്ടത്. പോലീസ് അന്വേഷണത്തിൽ ഇരുവരും ബംഗളൂരുവിൽ ഉണ്ടെന്നു കണ്ടെത്തി.
പിന്നീട് ഇരുവരുടെയും വിവാഹം നടത്താൻ വീട്ടുകാർ തമ്മിൽ സംസാരിച്ച് ധാരണയായതായും അതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മുട്ടം എസ്എച്ച്ഒ പറഞ്ഞു.