തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹത്തിൽ നിന്നും വരൻ പിന്മാറിയതിന്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി.
നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണവിലാസത്തിൽ ശ്രീകുമാറിന്റെ മകൾ ആതിരാ ശ്രീകുമാറി(23)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഉഴമലയ്ക്കൽ ലക്ഷംവീട് കോളനിയിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലെ മുറിക്കുള്ളിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം ആറാം തീയതിയായിരുന്നു സംഭവം.
ആതിരയും പനയമുട്ടം സ്വാതിഭവനിൽ സോനുവും തമ്മിലുള്ള വിവാഹ നിശ്ചയം 2022 നവംബർ 13ന് നടന്നിരുന്നു. 2023 ഏപ്രിൽ 30നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് വിവാഹമുറപ്പിച്ചത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് ആതിര ജോലി നോക്കിയിരുന്നത്. വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ഉണ്ടായിരുന്നു എന്നായിരുന്നു സോനു ആതിരയോടും കുടുംബത്തോടും പറഞ്ഞിരുന്നത്.
എന്നാൽ വിവിധ ആവശ്യങ്ങൾ പറഞ്ഞ് യുവതിയുടെ പക്കൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയ യുവാവ് ആതിരയുടെ സഹോദരന്റെ പക്കൽ നിന്നും ബന്ധുക്കളിൽ നിന്നും പണം വാങ്ങിയിരുന്നു.
പണം തുടർച്ചയായി ആവശ്യപ്പെടുന്നതിൽ സംശയം തോന്നിയ ആതിരയുടെ കുടുംബം സോനുവിനെക്കുറിച്ച് അന്വേഷിക്കാൻ ആരംഭിച്ചു.
ഇത് മനസിലാക്കിയ സോനു ആതിരയും വീട്ടുകാരെയും ഫോണിൽ വിളിച്ചു കല്യാണത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് അറിയിച്ചു.
ഇതിൽ ആതിര കടുത്ത മാനസികസംഘർഷത്തിലായിരുന്നു. ആതിര ജോലിക്ക് പോകാതെ വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.
തുടർന്നാണ് ആതിര അമ്മയുടെ സഹോദരിയുടെ വീട്ടിൽ ജീവനൊടുക്കിയത്. സംഭവത്തിൽ സോനുവിനെതിരെ ആതിരയുടെ കുടുംബം ഡിജിപിക്കും ഡിവൈഎസ്പിക്കും പരാതി നൽകി. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.