കൊച്ചി: സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്നെന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനപ്പടിഭാഗം കരിമ്പനാല്‍ ജോര്‍ജ് കുര്യന്റെ (52) ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് 2022 മാര്‍ച്ച് ഏഴിനു രാവിലെ ഏഴിനു സഹോദരന് രഞ്ജു കുര്യന്, മാതൃസഹോദരന്‍ മാത്യു സ്കറിയ എന്നിവരെ വെടിവച്ചു കൊന്നു എന്നാണ് കേസ്.
ജാമ്യത്തില്‍ വിട്ടാല്‍ നിര്‍ണായക സാക്ഷികളായ പ്രതിയുടെ മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും ജീവന് അപകടത്തിലാകുമെന്നു കോടതി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനായി മറ്റൊരു കേസിലെ പ്രതിക്ക് ഇയാൾ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണവും ഞെട്ടിക്കുന്നതാണെന്നു ജസ്റ്റിസ് എ. ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
കേസില്‍ ഷെഡ്യൂള്‍ പ്രകാരം വിചാരണ പൂര്‍ത്തിയാക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. ഒരു വര്‍ഷത്തിലേറെയായി ജയിലിലാണെന്നും അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും ജാമ്യാപേക്ഷയില്‍ അറിയിച്ചിരുന്നു.
വിചാരണയ്ക്കായി കേസ് ഏപ്രിലിലേക്ക് വച്ചിട്ടുണ്ടെങ്കിലും വൈകാനിടയുണ്ടെന്നു ചൂണ്ടിക്കാണിച്ചാണു ജാമ്യാപേക്ഷ നല്‍കിയത്.
എന്നാല്‍ പ്രതിക്കെതിരേ മാതാപിതാക്കളും മൊഴി നല്‍കിയിട്ടുണ്ടെന്നും ജാമ്യത്തില്‍ വിട്ടാല്‍ അവരെയും വധിക്കുമെന്നും പ്രോസിക്യൂഷന് പറഞ്ഞു.
സംഭവത്തിന്റെ തലേദിവസം പണം ആവശ്യപ്പെട്ട് പ്രതി മാതാപിതാക്കളെ കൈയേറ്റം ചെയ്തിരുന്നു. സഹോദരനെയും അമ്മാവനെയും കൊലപ്പെടുത്തുമെന്ന് സഹോദരിക്ക് തലേന്നു വാട്ട്സ് ആപ് സന്ദേശമയച്ചശേഷമാണ് പ്രതി കൃത്യം നടത്തിയത്.
ജയിലില്കൂടെയുണ്ടായിരുന്ന മറ്റൊരു കേസിലെ പ്രതിക്ക്, ജൂലൈയില്‍ പുറത്തിറങ്ങുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്നും പ്രോസിക്യൂഷന് വിശദീകരിച്ചു.