തിരുവനന്തപുരം : എം.എ. യൂസഫലിയെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതു ദുഃഖകരമെന്ന് ടി.എൻ.പ്രതാപൻ എംപി. യൂസഫലി മലയാളികളുടെ അഭിമാനമാണ് എന്നും രാജ്യത്തിന്റെ പുരോഗതിയും തൊഴിൽ സംരംഭങ്ങളുടെ സാധ്യതകളും മുൻനിർത്തി വിവേചനങ്ങളില്ലാതെ ചേർന്നു പ്രവർത്തിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും ടി.എൻ. പ്രതാപൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് യൂസഫലിയുടെ പേരു പരാമർശിച്ചത്. തുടർന്ന് സോഷ്യൽ മീഡിയയിലും മറ്റും അദ്ദേഹത്തിനെതിരേ വരുന്ന പോസ്റ്റുകളോടുള്ള വിയോജിപ്പാണ് എംപി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
‘രാഷ്ട്രീയമോ മറ്റേതെങ്കിലും വ്യത്യസങ്ങളോ പരിഗണിക്കാതെ ഭരണാധികാരികളെയും ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും സൗഹൃദപൂർവം കാണുകയും ഊഷ്മളമായ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന യൂസഫലിയുടെ സൗഹൃദ വലയത്തിൽ പ്രധാനമന്ത്രി മുതൽ രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാരടക്കം അനേകം ആളുകളുണ്ട്.
എല്ലാവരോടും രാജ്യത്തിന്റെ പുരോഗതിയും തൊഴിൽ സംരംഭങ്ങളുടെ സാധ്യതകളും മുൻനിർത്തി വിവേചനങ്ങളില്ലാതെ ചേർന്നു പ്രവർത്തിക്കുന്ന ഒരാളാണ് അദ്ദേഹം.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളിലേക്ക് അദ്ദേഹത്തെ പോലെ ഒരാളെ വലിച്ചിഴക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു.
‘ഇത്തരം വ്യാജനിർമിതികളുടെ മലീമസ ചർച്ചകളിൽ മനംമടുത്ത് രാജ്യത്തും വിശിഷ്യാ നമ്മുടെ സംസ്ഥാനത്തുമുള്ള നിക്ഷേപ പദ്ധതികളിൽനിന്ന് അദ്ദേഹം പിന്തിരിയുന്നതിനു ഇതു കാരണമാകുമോ എന്ന ആശങ്ക ഉയരുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.