ലഖിസാര: ബിഹാറിലെ നാലു ഗ്രാമങ്ങളിൽപ്പെട്ട യുവാക്കൾക്കു വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ല! വധുവാകാൻ പെൺകുട്ടികൾ ഇല്ലാത്തതല്ല കാരണം.
രൂക്ഷമായ യാത്രാപ്രശ്നം കാരണം ഈ ഗ്രാമങ്ങളിലെ യുവാക്കൾക്കു തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചുകൊടുക്കാൻ ആരും തയാറാകുന്നില്ലത്രേ.. ഈ അവസ്ഥ തുടങ്ങിയിട്ട് പത്തു വര്ഷത്തോളമായെന്നു ഗ്രാമവാസികള്‍ പറയുന്നു.
ബിഹാറിലെ ലഖിസാരായിയിലെ പാത്വ, കൻഹായ്പുർ, പിപാരിയ ദിഹ്, ബസൗന എന്നീ ഗ്രാമങ്ങളിൽപ്പെട്ട യുവാക്കള്‍ക്കാണു ദുരവസ്ഥ.
30 വയസിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ ആണുങ്ങളാണ് ഇവിടെയുള്ളവരില്‍ ഏറെയും. കാര്‍ഷിക മേഖലയായ ഈ ഗ്രാമങ്ങളിൽ ഒരിടത്തും സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നോളം ഒരു റോഡ് പോലും പണിതിട്ടില്ല.
റോഡുകൾ ഇല്ലാത്തതിനാൽ വിദ്യാലയങ്ങളിൽ പോകാനോ ആശുപത്രി സൗകര്യങ്ങൾ കൃത്യസമയത്ത് നേടാനോ ഇവർക്ക് സാധിക്കാറില്ല.
നിരവധിത്തവണ തങ്ങളുടെ ഗ്രാമങ്ങളുടെ ദുരവസ്ഥ പ്രധാനമന്ത്രിയും എംപിമാരും ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും അത് കേട്ടതായിപോലും ഭാവിക്കുന്നില്ലത്രെ.
എന്താണ് തങ്ങളുടെ ഗ്രാമങ്ങളോടു മാത്രം ഈ അവഗണനയെന്നു ഗ്രാമവാസികൾ വിഷമത്തോടെ ചോദിക്കുന്നു.