അയോവ: മൂന്നാം ലോക മഹായുദ്ധം തടയാൻ കഴിവുള്ള ഏക പ്രസിഡന്റ് സ്ഥാനാർഥി താനാണെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.
അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി അയോവയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്നു താൻ ശരിക്കും വിശ്വസിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ലോകത്തിന് ഇതിലും അപകടകരമായ ഒരു കാലം മുമ്പുണ്ടായിട്ടില്ല.
ജോ ബൈഡൻ റഷ്യയെ ചൈനയുടെ കൈകളിലേക്കു നയിച്ചു. ആണവ യുദ്ധത്തിലേക്കാണു സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
2024ൽ താൻ അമേരിക്കന്‍ പ്രസിഡന്റായാല്‍ റഷ്യ-യുക്രെയ്ന് തർക്കം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി തനിക്കു മികച്ച ബന്ധമുണ്ടെന്നും അദ്ദേഹം തന്നെ കേള്‍ക്കുമെന്നും ട്രംപ് പറഞ്ഞു. നേരത്തെയും, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.