ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വ്യാജം.
നോർവീജിയൻ നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ അസ്ലെ തോയെയുടെ പേരിലാണ് വ്യാജ വാർത്ത പ്രചരിച്ചത്.
എന്നാൽ താൻ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി തോയെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സമാധാന നൊബേൽ പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നവരിൽ ഏറ്റവും മുന്നിൽ മോദിയാണെന്ന് തോയെ പറഞ്ഞതായാണ് വാർത്ത പ്രചരിച്ചത്.
ഡൽഹി ആസ്ഥാനമായുള്ള ഇന്ത്യ സെന്റർ ഫൗണ്ടേഷൻ (ഐസിഎഫ്) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് 2023 ലെ സമാധാന നൊബേൽ മോദിക്ക് ലഭിച്ചേക്കുമെന്ന് തോയെ പറഞ്ഞതായി വാർത്ത പരന്നത്.
ഇന്ത്യയിലെ വാർത്താ ചാനലുകൾ തോയെയെ തെറ്റായി ഉദ്ധരിക്കുകയായിരുന്നെന്ന് ഐസിഎഫ് ചെയർമാൻ വിഭവ് കെ. ഉപാധ്യായ പറഞ്ഞു.
ഇന്ത്യൻ ടിവി ചാനലുകൾ തോയെയെ തെറ്റായി ഉദ്ധരിക്കുകയായിരുന്നു. അദ്ദേഹം ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഇത് അബദ്ധത്തിലോ ആവേശം കൊണ്ടോ ആണെന്നാണ് പ്രതീക്ഷിക്കുന്നത്.
പക്ഷേ ബോധപൂർവമാണ് ചെയ്തതെങ്കിൽ അത് കുറ്റകരമാണ്- ഐസിഎഫ് ചെയർമാൻ പറഞ്ഞു. എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്ത തോയെ നിഷേധിച്ചു.