കൊച്ചി: കൊച്ചി കോര്പറേഷന് ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ കോര്പറേഷന് സെക്രട്ടറിയേയും ജീവനക്കാരെയും മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു.
ഇതില്‍ ഒരു കോര്പറേഷന് ജീവനക്കാരനും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. കോര്പറേഷന് സെക്രട്ടറി ബാബു അബ്ദുല്‍ ഖദീറിന്റെ പരാതിയിലാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ലാല്‍ വര്‍ഗീസാണ് കസ്റ്റഡിയിലുള്ളത്.
ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. നഗരസഭ ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ 500 പേര്‍ക്കെതിരേ സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയത്, അന്യായമായി സംഘം ചേര്‍ന്നത്, മാര്‍ഗതടസമുണ്ടാക്കിയത് എന്നിവയുള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ഏതാനും ദിവസം മുമ്പു നടന്ന താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ അക്രമം നടത്തിയ കേസില്‍ ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജെറിന് ജെസിനെ സെന്‍ട്രല്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
പൊതുമുതല്‍ നശിപ്പിച്ചതിനാണ് അറസ്റ്റ്. കോര്‍പറേഷനു മുന്നില്‍ വ്യാഴാഴ്ച നടന്ന സംഘര്‍ഷത്തിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.