സ്വന്തം ലേഖിക
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ. കോർപറേഷനെതിരേ ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ ചുമത്തിയത്. ഒരുമാസത്തിനുള്ളിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുന്പാകെ പിഴയടക്കാനാണ് ഉത്തരവ്.
തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻപിഴത്തുക നീക്കിവയ്ക്കണം. സംസ്ഥാന സർക്കാരിനെതിരേ രൂക്ഷമായ വിമർശനവും ഉത്തരവിലുണ്ട്.
തീപിടിത്തമുണ്ടായപ്പോൾ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ട്രൈബ്യൂണൽ പറയുന്നു.
വായുവിൽ മാരക വിഷപദാർഥങ്ങൾ കണ്ടെത്തി. തീപിടിത്തത്തിൽ ഉത്തരവാദികൾക്കെതിരേ കർശന നടപടി വേണം. ഉത്തരവാദിത്വത്തിൽനിന്ന് സർക്കാരിനും കോർപറേഷനും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിന് നേതൃത്വം നൽകുന്ന ചെയർപേഴ്സണ് എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കൊച്ചിലെ മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നതായി ഉത്തരവിൽ പറയുന്നു.
ഇതൊന്നും പാലിച്ചില്ലെന്നും ഉത്തരവിലുണ്ട്. കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശിച്ചിട്ടുണ്ട്. ഭാവിയിൽ സുഗമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.
വേണ്ടിവന്നാൽ 500 കോടി രൂപ പിഴ ചുമത്തുമെന്ന് എ.കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിന്റെ ആദ്യദിന വാദത്തിലാണ് സംസ്ഥാനസർക്കാരിനെ കഴിഞ്ഞ ദിവസം വിമർശിച്ചത്.
മാലിന്യക്കൂന്പാരത്തിലെ തീകെടുത്താനുണ്ടായ കാലതാമസം സംസ്ഥാനസർക്കാരിന്റെ പരാജയമാണെന്നും ട്രൈബ്യൂണൽ വിമർശിച്ചിരുന്നു.
ബ്രഹ്മപുരം വിഷയത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരിക്കെ ഭരണനിർഹഹണത്തിലെ വീഴ്ചയെന്ന ഹരിത ട്രൈബ്യൂണലിന്റെ നിരീക്ഷണവും സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.