കൊച്ചി: വേമ്പനാട്ട് കായലിനടിയില്‍ ഒരു മീറ്റര്‍ കനത്തില്‍ 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ടെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്)യുടെ പഠന റിപ്പോര്‍ട്ട്.
വേമ്പനാട്ട് കായലിന്റെ അടിതട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ മൂവായിരത്തിലേറെ ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞ് കൂടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പഠനത്തിന്റെ ആദ്യഘട്ടത്തില്‍ (2019 ഒക്ടോബറില്‍) കുഫോസ് പുറത്ത് വിട്ടിരുന്നു.
ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം വേമ്പനാട്ട് കായലിന്റെ അടിത്തട്ടിലുണ്ട് എന്നാണ് കണ്ടെത്തല്‍.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കുഫോസിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സര്‍വേഷന്‍ ആണ് അഞ്ച് വര്‍ഷം നീണ്ട പഠനം പൂര്‍ത്തിയാക്കിയത്.
ഇത് ഉള്‍പ്പടെയുള്ള കായല്‍ നശീകരണത്തിന്റെയും കായല്‍ കൈയേറ്റത്തിന്റെയും വിശദമായ രേഖ കുഫോസ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ട്.
വേമ്പനാട്ട് കായലില്‍ വന്ന് ചേരുന്ന മീനച്ചല്‍, പമ്പ, അച്ചന്‍കോവില്‍ നദീത്തടങ്ങളിലും കായലിന്റെ ഭാഗമായ കുട്ടനാടിലും നിലനില്‍ക്കുന്ന പ്രളയ സാധ്യതകളെ കുറിച്ചും തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് പ്രതിബാധിക്കുന്നുണ്ട്.
റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. ഇന്ന് തണ്ണീര്‍മുക്കം കെടിഡിസി റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. റോസലിന്റ് ജോര്‍ജ് മന്ത്രി വി.എന്‍. വാസവന് റിപ്പോര്‍ട്ട് കൈമാറും.