കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഞീഴൂര്‍ സ്വദേശിയ്ക്ക് 25 വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും.
ഞീഴൂര്‍ മരങ്ങോലില്‍ കരയില്‍ ചക്കരക്കുഴി എഴുപറയില്‍ മത്തായി (55)യെയാണ് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ മൂന്നു വകുപ്പുകളിലായി രണ്ടര വര്‍ഷം കഠിന തടവും അനുഭവിക്കാന്‍ കോടതി വിധിച്ചു.2017 ജൂണ്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിയായ മത്തായി ആണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. 2017 ഏപ്രില്‍ ആറിനു കുട്ടിയുമായി വയനാട്ടിലേക്കു പ്രതി പോകുകയായിരുന്നു.
വയനാട്ടിൽവച്ചു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. ഇതു സംബന്ധിച്ചു മാതാപിതാക്കള്‍ പരാതിപ്പെടുകയും കടുത്തുരുത്തി എസ്ഐ ആയിരുന്നു കെ.പി. ടോംസണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റു ചെയ്തു കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.
കേസ് പരിഗണിച്ച കോടതി പ്രതിയെ കുറ്റക്കാരനെന്നു കണ്ടെത്തി. പോക്സോ നിമയത്തിലെ ആറ് ആര്/ഡബ്യു 5(1), ഇന്ത്യന്‍ ശിക്ഷാ നിയമം 377 എന്നീ വകുപ്പുകള്‍ പ്രകാരം പത്തു വര്‍ഷം വീതം കഠിനതടവും, 25000 രൂപ പിഴയുമാണു ശിക്ഷിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 363 വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിന തടവിനും 2000 രൂപ പിഴ അടയക്കാനും ശിക്ഷിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പോള്‍ കെ. എബ്രഹാം കോടതിയില്‍ ഹാജരായി.