തൊടുപുഴ: കരിങ്കുന്നം പോലീസ് സ്റ്റേഷനിലും പിഎച്ച്സിയിലും അതിക്രമം നടത്തിയ പത്തനംതിട്ട സ്വദേശിയായ ബസ് ജീവനക്കാരനെ റിമാൻഡ് ചെയ്തു. ചിറ്റാർ മണക്കയം കുമരംകുന്ന് ഷാജി തോമസ് (അച്ചായി-47) ആണ് റിമാൻഡിലായത്.
പോലീസ് അന്വേഷണത്തിൽ ഇയാൾക്കെതിരേ പതിനെട്ടോളം ക്രിമിനൽ കേസുകൾ ഉള്ളതായി കണ്ടെത്തി. ഇതോടെ ബസിൽ ബഹളമുണ്ടാക്കിയതിന് പിടികൂടിയ പ്രതി നിസാരക്കാരനല്ലെന്ന് പോലീസിനും വ്യക്തമായി.
മോഷണം, പൊതുമുതൽ നശിപ്പിക്കൽ, അടിപിടി തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ഇയാൾക്ക് മാനസികരോഗമില്ലെന്നും ലഹരി ഉപയോഗത്തെത്തുടർന്നാണ് അതിക്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച കരിങ്കുന്നം പോലീസ് സ്റ്റേഷനിലും സമീപത്തെ പിഎച്ച്സിയിലുമാണ് ഇയാൾ ആക്രമണം അഴിച്ചുവിട്ടത്. ഇയാളുടെ ആക്രമണത്തിൽ എസ്ഐ ബൈജു പി. ബാബു, ഉദ്യോഗസ്ഥനായ അനീഷ് ആന്റണി എന്നിവർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിക്കെതിരേ ചിറ്റാർ സ്റ്റേഷനിൽ എട്ടും പന്തളത്ത് രണ്ടും കേസുകളുണ്ട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും പ്രതിക്കെതിരേ കേസുണ്ട്. കൂടുതൽ കേസുണ്ടോ എന്ന വിവരവും പോലീസ് അന്വേഷിച്ചുവരികയാണ്.
പ്രതിക്കെതിരെയുള്ള കേസുകളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് സൂചന. ഇയാൾ കൊടുംക്രിമിനലാണെന്ന് പോലീസ് പറഞ്ഞു. കേസുകളിൽ റിമാൻഡിലാകുന്ന പ്രതി ജാമ്യം നേടി മുങ്ങുകയാണ് പതിവ്.
ആദ്യം എരുമേലി സ്വദേശിയാണ് താനെന്നു പറഞ്ഞ പ്രതി ജഡ്ജിയുടെ മുന്നിൽ ഹാജരാക്കിയതോടെയാണ് ആ അഡ്രസിലുള്ളത് താനല്ലെന്ന് അറിയിച്ചത്.
പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് ചിറ്റാർ സ്വദേശിയാണെന്നു കണ്ടെത്തിയത്. ഇയാൾ ജോലി ചെയ്തിരുന്ന ബസിലെ സുഹൃത്തുക്കളോടും കൃത്യമായ അഡ്രസ് പറഞ്ഞിരുന്നില്ല.
അഡ്രസിലെ പിഴവ് തിരുത്തി ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധു ബാബു അറിയിച്ചു.