കൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ദേവികുളത്തെ സിപിഎം എംഎൽഎ എ. രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി. കുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തുനിന്നു തെരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ. രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി. കുമാർ ഹർജി നൽകിയത്.
ക്രിസ്തുമത വിശ്വാസികളായ അന്തോണി–എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ. രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നുമായിരുന്നു ഡി. കുമാറിന്റെ വാദം. പട്ടിക ജാതി സംവരണത്തിന് എ. രാജയ്ക്ക് അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.