ആലുവ: “നല്ലൊരു വീട് പണിയണം മക്കളെ നന്നായി പഠിപ്പിക്കണം’ സംസ്ഥാന ലോട്ടറി വകുപ്പിന്റെ 10 കോടി രൂപയുടെ സമ്മർ ബംപർ അടിച്ച ആസാം സ്വദേശി ആൽബർട്ട് ടിഗയുടെ ആഗ്രഹങ്ങൾ ഇതൊക്കെയാണ്.
ഡിമകുച്ചി ഉഡൽഗുരി സ്വദേശിയായ ആൽബർട്ട് ടിഗ കടബാധ്യതകൾ തീർക്കാനായി 1995 ലാണ് കേരളത്തിലേക്കു തീവണ്ടി കയറിയത്. ആലുവയിലും സമീപപ്രദേശങ്ങളിലും നിരവധി ജോലികൾ ചെയ്തു.
15 വർഷമായി സിനിമാ താരം രാജിനി ചാണ്ടിയുടെ വീട്ടിലാണു ജോലി. ടിക്കറ്റിന് ബംപർ അടിച്ചത് ആസാമിലുള്ള ഭാര്യയോടും വൈകുന്നേരം രാജിനിയുടെ ഭർത്താവ് ചാണ്ടിയോടുമാണ് ആദ്യം പറഞ്ഞത്.
ചാണ്ടിയുടെ നിർദേശപ്രകാരം ആലുവ എസ്ബിഐ യിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.ഭാര്യ അഞ്ചല ടിഗയും രണ്ടു മക്കളും ഏലിയാസ് (അഞ്ചാം ക്ലാസ്), ഡേവിഡ് (ഒന്നാം ക്ലാസ്) അടങ്ങിയതാണു ആൽബർട്ടിന്റെ കുടുംബം.
ഷീറ്റുകൊണ്ട് നിർമിച്ച വീട്ടിലാണ് ഇവർ താമസിക്കുന്നത്. നല്ലൊരു വീട് നിർമിച്ച് മക്കൾക്കു നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നതാണ് ആദ്യ ലക്ഷ്യമെന്ന് ആൽബർട്ട് ടിഗ പറഞ്ഞു.
ഭാഗ്യം തന്ന കേരളത്തിൽ തുടരാനാണു താത്പര്യം. സിനിമാ-സീരിയൽ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആൽബർട്ട് ടിഗ.
സമ്മാനാര്‍ഹമായ ടിക്കറ്റ് ആലുവ എസ്ബിഐ കാത്തലിക് സെന്റര്‍ ബ്രാഞ്ച് മാനേജര്‍ ഗിവര്‍ഗീസ് പീറ്ററിനു കൈമാറി. ഇത് ആസാമിലെ ശാഖയിലേക്കു മാറ്റി നൽകും.
ആലുവ ചൂണ്ടിയിലുള്ള മാഞ്ഞൂരാൻ ലോട്ടറി ഏജൻസി വിറ്റ എസ് ഇ 222282 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാർഹമായത്.
ഒന്നാം സമ്മാനം ലഭിച്ച വിവരം ഓൺലൈൻ മുഖേനയാണ് അറിഞ്ഞത്. പത്തു വർഷമായി ലോട്ടറി എടുക്കുന്ന ഇദ്ദേഹത്തിന് ഇതിന് മുമ്പ് 5,000 രൂപ സമ്മാനം ലഭിച്ചിട്ടുണ്ട്.