കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡിനെത്തുടര്‍ന്ന് ഇദ്ദേഹം ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ നോട്ടീസ്.
ഫാരിസ് അബൂബക്കര്‍ ലണ്ടനിലാണെന്ന് ബന്ധുക്കളും ജീവനക്കാരും അറിയിച്ചതിനെത്തുടര്‍ന്നാണ് ഒരാഴ്ചയ്ക്കകം ചെന്നൈയിലെ ആദായനികുതി ഓഫീസില്‍ നേരിട്ടു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. കൊച്ചിയിലെ ഓഫീസിന് പുറമേ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, എന്നിവിടങ്ങളിലെ ഓഫീസുകളിലും കോഴിക്കോട് കൊയിലാണ്ടി നന്ദിബസാറിലെ കുടുംബവീട്ടിലും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് എറണാകുളം നഗരത്തിലെ ഓഫീസിലായിരുന്നു പരിശോധന. മുളവുകാട്ടുള്ള 15 ഏക്കറിന്റെ രേഖകളും ആദായനികുതി വകുപ്പ് പരിശോധിച്ചതായാണ് സൂചന.
ഇന്നലെ രാവിലെ എട്ടിനാണ് പരിശോധന ആരംഭിച്ചത്. രാത്രിവൈകിയും തുടര്‍ന്നു.റിയല്‍ എസ്റ്റേറ്റ് കള്ളപ്പണ ഇടപാടുകള്‍, രാഷ്ട്രീയ ബന്ധങ്ങളുടെ സ്വാധീനം എന്നീ ഇടപാടുകളെ പറ്റിയാണ് ആദായ നികുതി അന്വേഷിക്കുന്നത് ചേര്ത്തലയുള്പ്പടെയുള്ള വിവിധ പ്രദേശങ്ങളില്‍ നടത്തിയ ഭൂ ഇടപാടുകളിലും പരിശോധന നടന്നു.
കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ക്ക് കള്ളപ്പണം വിനിയോഗിച്ചെന്ന സംശയത്തിലാണ് റെയ്ഡെന്നാണ് ആധായനികുതി വകുപ്പ് നല്കുന്ന സൂചന. കൊച്ചിയിലെ ആദായനികുതി ഡയറക്ടര്‍ ഓഫീസും ചെന്നൈ ഓഫീസുമാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.