ന്യൂ സൗത്ത് വെയിൽസ്: ശരിക്കും ഭയാനകമായ കാഴ്ചയായിരുന്നു അത്. ഓസ്ട്രേലിയയിലെ ഒരു നദിയിൽ കണ്ണെത്താ ദൂരത്തോളം മത്സ്യങ്ങൾ ചത്തുപൊങ്ങിക്കിടക്കുന്നു.
വെള്ളംപോലും കാണാത്തത്ര രീതിയിലായിരുന്നു ചത്ത മീനുകൾ അടിഞ്ഞിരുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ചത്തടിഞ്ഞ മത്സ്യങ്ങളുടെ മുകളിൽ കൂടി ബോട്ട് നീങ്ങുന്നതും കാണാമായിരുന്നു.
ഓസ്ട്രേലിയയിലെ മെനിൻഡീ എന്ന ചെറുപട്ടണത്തിനടുത്തുള്ള ഡാർലിംഗ് നദിയിലാണ് മീനുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്.
ഈ പ്രദേശത്തു കൂടി ചൂടുതരംഗം കടന്നുപോയതിനാലാണ് ഇത് സംഭവിച്ചതെന്നാണ് നിഗമനം. ന്യൂ സൗത്ത് വെയിൽസ് സർക്കാർ മീനുകളുടെ കൂട്ടമരണം ഒദ്യോഗികമായിത്തന്നെ വെളിപ്പെടുത്തി.
ഡാർലിംഗ് നദിയിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് വിവിധ മത്സ്യങ്ങളുടെ എണ്ണം കുതിച്ചുയർന്നിരുന്നു.
വെള്ളം കുറയുകയും ചൂട് കൂടുകയും ചെയ്തതോടെ ഓക്സിജന്റെ അളവ് കുറഞ്ഞു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതാകാമെന്നു സർക്കാരിന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പാരിസ്ഥിതികമായി സംഭവിച്ച ആഘാതം അളക്കാനാവാത്തതാണെന്നും പറയുന്നു. 2018 -ലും 2019 -ലും സമാനമായ രീതിയിൽ ഇവിടെ ലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊന്തിയിരുന്നു.