തിരുവല്ല: രണ്ടുമുറി വീടിന് വൈദ്യുതി ബിൽ 17,044 രൂപ. പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും ബോർഡ് വിച്ഛേദിച്ചു.
പെരിങ്ങര പഞ്ചായത്തിലെ 12ാം വാർഡിൽ ആലഞ്ചേരിൽ വീട്ടിൽ വിജയനും കുടുംബവും ബോർഡിന്റെ മണിപ്പുഴ സെക്ഷൻ നൽകിയ അപ്രതീക്ഷിത ഇരുട്ടടിയിൽ പകച്ചിരിക്കുകയാണ്.
വയോധികയും ഹൃദ്രോഗിയുമായ മാതാവും വിജയനും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമാണ് ഈ വീട്ടിൽ താമസം.
രണ്ട് എൽ.ഇ.ഡി ബൾബും രണ്ട് ഫാനും മാത്രമാണ് ആകെ പ്രവർത്തിക്കുന്നത്. വിജയന്റെ ജ്യേഷ്ഠസഹോദരൻ രമേശിന്റെ പേരിലാണ് കണക്ഷൻ എടുത്തിരിക്കുന്നത്.
പ്രതിമാസം 500 രൂപയിൽ താഴെ മാത്രമായിരുന്നു ബിൽ. രണ്ടാഴ്ച മുമ്പാണ് 17,044 രൂപയുടെ ബിൽ മൊബൈൽ മുഖേന ലഭിക്കുന്നത്.
ഇതേ തുടർന്ന് വിജയൻ കാവുംഭാഗത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ പരാതി നൽകി.
അംഗീകൃത ഇലക്ട്രീഷ്യനെക്കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ചിത്രവും പകർത്തി നൽകാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. വീട് പരിശോധിച്ച ഇലക്ട്രീഷ്യൻ വയറിങ് തകരാറുകൾ ഇല്ലെന്ന് അറിയിച്ചു.
രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥർ എത്തി വിജയന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന മീറ്റർ കൂടാതെ മറ്റൊരു മീറ്റർ കൂടി സ്ഥാപിച്ചു.
രണ്ട് ദിവസത്തിനു ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥർ പഴയ മീറ്ററിന് തകരാറില്ലെന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റർ തിരികെയെടുത്ത്.
ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ രണ്ട് ലൈൻമാൻമാർ എത്തി വൈദ്യുതി വിച്ഛേദിച്ചത്.
മാതാവിന്റെ ആരോഗ്യനില മോശമാണെന്നും മക്കളുടെ പരീക്ഷാക്കാലംകൂടി പരിഗണിച്ച് വൈദ്യുതിബന്ധം വിച്ഛേദിക്കരുത് എന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്ന് വിജയൻ പറഞ്ഞു.