കാഞ്ചിയാര്‍ പേഴുംകണ്ടത്ത് യുവ അധ്യാപിക കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക സൂചന.
പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍-27)യെയാണ് ചൊവ്വാഴ്ച്ച വീടിനുള്ളിലെ കിടപ്പറയില്‍ കട്ടിലിനടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയെന്ന് കരുതുന്ന ഭര്‍ത്താവ് ബിജേഷ് ഒളിവിലാണ്.
ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റിയിരുന്നു.
മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. അഴുകി തുടങ്ങിയതിനാല്‍ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്താനായിട്ടില്ലായിരുന്നു.
പോസ്റ്റ് മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് രക്ത സ്രാവം ഉണ്ടായതായിട്ടാണ് നിഗമനമെന്ന് പോലീസ് അറിയിച്ചു.
വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂയെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ അനിമോളുടെ ഭര്‍ത്താവ് ബിജേഷ് തമിഴ്നാട്ടിലേക്ക് കടന്നതായുള്ള സംശയം ബലപ്പെടുന്നുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കുമളിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി.
ശനിയാഴ്ച്ച രാവിലെ മുതലാണ് അനുമോളെ കാണാനില്ലെന്ന് ബന്ധുക്കള്‍ മനസിലാക്കുന്നത്. ബിജേഷ് തന്നെയാണ് അനിമോള്‍ വീട് വിട്ട് പോയെന്ന് ബന്ധുക്കളെ അറിയിക്കുന്നത്.
സംശയം തോന്നി ബന്ധുക്കള്‍ ഇവരുടെ പേഴും കണ്ടത്തെ വീട്ടിലെത്തിയെങ്കിലും ബിജേഷ് ഇവരെ തന്ത്ര പൂര്‍വം കിടപ്പറയില്‍ പ്രവേശിപ്പിക്കാതെ മടക്കി അയച്ചു.
ഞായറാഴ്ച്ച ബന്ധുക്കള്‍ക്കൊപ്പം അനുമോളെ കാണാനില്ലെന്ന പരാതി നല്‍കാന്‍ ബിജേഷും എത്തിയിരുന്നു. തിങ്കളാഴ്ച്ച അനുമോളെ തിരയുന്ന സംഘത്തിലും ബിജേഷ് ഉണ്ടായിരുന്നു.
ചൊവ്വാഴ്ച്ച വൈകിട്ട് സംശയം തോന്നി അനുമോളുടെ ബന്ധുക്കള്‍ ഇവര്‍ താമസിച്ച വീടിന്റെ വാതില്‍ പൊളിച്ച് ഉള്ളില്‍ കടന്നപ്പോഴാണ് മൃതദേഹം കണ്ടത്.
ഇതിനു തൊട്ടു മുമ്പ് വരെ ബിജേഷ് പ്രദേശത്തുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇയാളെ കാണാതാകുന്നതും. കുറച്ചു കാലമായി ബിജേഷിന്റെയും വത്സമ്മയുടെയും ജീവിതം സുഖകരമായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഒളിവില്‍ പോകുന്നതിന് മുമ്പ് അഞ്ചു വയസുള്ള മകളെ ബിജേഷ് വെങ്ങാലൂര്‍ കടയിലുള്ള തറവാട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു.
ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച വ്യക്ത ലഭിക്കൂ. ഇന്നലെ സംഭവം നടന്ന വീട്ടില്‍ ഡോഗ് സ്‌ക്വാഡും ശാസ്ത്രീയ പരിശോധന വിഭാഗവും എത്തിയിരുന്നു.