ചെങ്ങന്നൂർ: വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ വിദ്യാർഥിനികളെ വൈദ്യുതി വകുപ്പിലെ ജീവനക്കാർ രക്ഷപ്പെടുത്തി. കൊല്ലകടവ് മുഹമ്മദൻസ് സ്കൂളിലെ വിദ്യാർഥിനികളായ ഷമീറ, ആയിഷ എന്നിവർക്കാണ് ഇവരുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജന്മം ലഭിച്ചത്.
ഇന്നലെ രാവിലെ കൊല്ലകടവ് കനാലിൽ കുളിച്ചുകൊണ്ടിരുന്ന രണ്ടു വിദ്യാർഥിനികളും പെട്ടെന്നുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ കനാലിലൂടെ ഒഴുകിപ്പോയി.
കനാലിനു സമീപമുള്ള ട്രാൻസ്ഫോർമറിൽ മെയിന്റനൻസ് ജോലികൾ ചെയ്തുകൊണ്ടിരുന്ന കെഎസ്ഇബി ജീവനക്കാരായ സുനിൽ, വിജേഷ്, വിനു എന്നിവർ വിദ്യാർഥിനികളുടെ കരച്ചിൽ കേട്ട് ഓടി എത്തി.
വെള്ളത്തിൽ മുങ്ങിത്താഴുന്ന കുട്ടികളെയാണ് ഇവർ കണ്ടത്. ഉടൻ ഇവർ കനാലിലേക്കു ചാടി രണ്ടു വിദ്യാർഥിനികളുടെയും ജീവൻ രക്ഷിച്ച് കരയ്ക്കെത്തിച്ചു.
മൂന്നു കെഎസ്ഇബി ജീവനക്കാരെയും നാട്ടുകാർ അഭിനന്ദിച്ചു. ജീവനക്കാരെ മന്ത്രി സജി ചെറിയാനും അഭിനന്ദിച്ചു.